ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കൊവിഡ് സംശയത്തെ തുടർന്ന് ചികിത്സ വൈകിയെന്നാണ് പരാതി.

ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ 9.15 നാണ് വിജയനെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഫ്‌ളാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്വകാര്യ ആംബുലൻസിലാണ് ഇവിടെ കൊണ്ടുവന്നത്. ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കൊവിഡ് ഐസലേഷൻ വിഭാഗത്തിലേക്ക് അയച്ചു. ആരോഗ്യ പ്രവർത്തകർ പിപി കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും 10 മണിയോടെ വാഹനത്തിന് ഉള്ളിൽ വച്ച് തന്നെ രോഗി മരിക്കുകയായിരുന്നു. ഫ്‌ളാറ്റിൽ നിന്നും നടന്നാണ് വിജയൻ ആംബുലൻസിൽ കയറിയത്. എന്നാൽ, മുക്കാൽ മണിക്കൂറോളം ചികിത്സ വൈകിയതാണ് മരണകാരണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്നും പരാതിയുണ്ട്.

ഇദ്ദേഹം ജോലി ചെയ്യുന്ന ഫ്‌ളാറ്റ് കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ലക്ഷണങ്ങളുമായി വരുന്നവർ നേരിട്ട് കൊവിഡ് ഐസലോഷൻ വിഭാഗത്തിലേക്ക് പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. നേരിട്ട് അത്യഹിത വിഭാഗത്തിലെത്തുന്നത് മറ്റു രോഗികൾക്ക് രോഗ പകർച്ചക്ക് കാരണമാകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ച വിജയന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം തുടർനടപടികൾ ഉണ്ടാകും.

Story Highlights The patient died without treatment at the Aluva District Hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top