മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി; പ്രതിവര്‍ഷം 1000 പുതിയ സംരംഭങ്ങള്‍ക്ക് അവസരം

pinarayi vijayan

സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും പ്രോത്സാഹിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധി കാരണം സംസ്ഥാനത്ത് ജോലി നഷ്ടമായവര്‍ക്കും വിദേശത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്കും വേണ്ടിയാണ് പദ്ധതി.

വ്യാപാര മേഖലയിലെ അടച്ചുപൂട്ടല്‍, വിതരണ ശൃംഖലയിലെ തടസങ്ങള്‍ ഇതെല്ലാം കാരണം തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നു വന്നിട്ടുണ്ട്. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും, വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുമുണ്ട്. മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. അതിന് പരിഹാരം എന്നനിലയില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്‌സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ കെഎഫ്‌സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  1. പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.
  2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.
  3. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും 2 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights cm entrepreneurship development Plan; Opportunity for 1000 new ventures

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top