തെറ്റ് തിരുത്തി ആപ്പ് നിരോധനം പിൻവലിക്കൂ; ഇന്ത്യയോട് ചൈന

ആപ്പ് നിരോധനം പിൻവലിക്കണമെന്ന് ഇന്ത്യയോട് ചൈനയുടെ അഭ്യർത്ഥന. നിരോധനം മനപൂർവമുള്ള ഇടപെടലായിരുന്നു എന്നും ചൈനീസ് കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ചൈനീസ് എംബസി വക്താവായ കൗൺസിലർ ജി റോങ് വാർത്താ കുറിപ്പിലൂടെ വിശദീകരിച്ചു. രണ്ടാം ഘട്ടത്തിൽ 47 ആപ്പുകൾ കൂടി നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ അഭ്യർത്ഥന.
Read Also : വീണ്ടും ആപ്പ് നിരോധനം; ഇന്ത്യ 47 ചൈനീസ് ആപ്പുകൾ നിരോധിച്ചു
“ഞങ്ങൾ റിപ്പോർട്ടുകൾ ശ്രദ്ധിച്ചിരുന്നു. ജൂൺ 29ന് ചൈനീസ് പശ്ചാത്തലമുള്ള വീ ചാറ്റ് ഉൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. ഇത് ചൈനീസ് കമ്പനികളുടെ നിയമാനുസൃതമായ അവകാശങ്ങളെയും താത്പര്യങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയോട് തെറ്റു തിരുത്താൻ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.”- ജി റോങ് പറഞ്ഞു.
ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഈ ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന 47 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചത്.പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുന്നത്. ഈ ആപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നിരോധിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയം ശുപാർശ നൽകിയിരുന്നു.
Read Also : 337 ആൻഡ്രോയിഡ് ആപ്പുകൾക്ക് ഭീഷണി; സൂക്ഷിക്കണം ഈ മാൽവെയറിനെ
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആപ്പുകൾ നിരോധിച്ചത്.
ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.
Story Highlights – Correct your wrongdoing, revoke ban on apps says china to india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here