വെസ്റ്റ് ഇൻഡീസ് 129 റൺസിനു പുറത്ത്; ഇംഗ്ലണ്ടിനു ജയം, പരമ്പര

england won west indies

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. മത്സരത്തിൽ 269 റൺസിന് വിൻഡീസിനെ പരാജയപ്പെടുത്തിയ ആതിഥേയർ 2-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് അഞ്ചും സ്റ്റുവർട്ട് ബ്രോഡും നാലും വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ആകെ 10 വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടുകയും ചെയ്ത സ്റ്റുവർട്ട് ബ്രോഡാണ് കളിയിലെ താരം.

Read Also : ബ്രോഡിന് 500ആം ടെസ്റ്റ് വിക്കറ്റ്; വിൻഡീസിന് ബാറ്റിംഗ് തകർച്ച

398 റൺസ് വിജയലക്ഷ്യവുമായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് അന്ന് തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർബോർഡിൽ റൺസ് ആകുന്നതിനു മുൻപ് തന്നെ ജോൺ കാംപ്ബെല്ലിനെ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ച ബ്രോഡ് 4 റൺസെടുത്ത നൈറ്റ് വാച്ച്മാൻ കെമാർ റോച്ചിനെയും പുറത്താക്കി. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറാണ് റോച്ചിനെ പിടികൂടിയത്. വെസ്റ്റ് ഇൻഡീസ് 10/2 എന്ന നിലയിലാണ് അന്നത്തെ കളി അവസാനിച്ചത്. നാലാം ദിവസം മഴ കളിച്ചതോടെ ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞില്ല.

Read Also : മഴ: ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റിലെ നാലാം ദിനം ഉപേക്ഷിച്ചു

അവസാന ദിവസമായ ഇന്ന് ആദ്യ സെഷനിൽ തന്നെ ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റ് നേട്ടം കുറിച്ചു. 19 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് ഇംഗ്ലീഷ് പേസർ ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കുറിക്കുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറാണ് ബ്രോഡ്. ഷായ് ഹോപ്പ് (31), ഷമാർ ബ്രൂക്സ് (22) എന്നിവരെ ക്രിസ് വോക്സ് പുറത്താക്കി. ഹോപ്പിനെ ബ്രോഡും ബ്രൂസ്കിനെ ബട്‌ലറും പിടികൂടുകയായിരുന്നു. പിന്നാലെ റോസ്റ്റൺ ചേസ് (7) റണ്ണൗട്ടായി. ജേസൻ ഹോൾഡർ (12), ഷെയിൻ ഡൗറിച്ച് (8), റഖീം കോൺവാൽ (2) എന്നിവർ വോക്സിനു മുന്നിൽ കീഴടങ്ങി. മൂവരും വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. 23 റൺസെടുത്ത ബ്ലാക്ക്‌വുഡിനെ ജോസ് ബട്‌ലറിൻ്റെ കൈകളിത്തിച്ച് വിൻഡീസ് ഇന്നിംഗ്സിന് തിരശീലയിട്ട ബ്രോഡ് ഇംഗ്ലണ്ടിനെ സീരീസ് ജയത്തിലേക്ക് നയിച്ചു.

Story Highlights england won against west indies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top