ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 2ന്; യോഗത്തിൽ സമയക്രമം തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്

ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് രണ്ടിന് നടക്കുമെന്ന് റിപ്പോർട്ട്. ലീഗ് സമയക്രമവും വേദിയും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്ന് തീരുമാനിച്ചേക്കും. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ യുഎഇയിലാണ് ഇത്തവണ ഐപിഎൽ നടക്കുക.
Read Also : ഐപിഎൽ സെപ്തംബറിൽ നടക്കും
“ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ ഗവേണിംഗ് കൗൺസിൽ യോഗം നടത്തും. ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്ന് തീരുമാനിക്കും. ലീഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഫ്രാഞ്ചൈസികൾ പങ്കുവച്ച ചില ആശങ്കകളുണ്ട്. അവയും ചർച്ചയിൽ ഉൾപ്പെടും.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ഐപിഎൽ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. സെപ്തംബർ 26 മുതൽ നവംബർ 8 വരെയാവും ലീഗ് നടക്കുക. വരുന്ന രണ്ടാഴ്ചക്കുള്ളിൽ ബിസിസിഐ സർക്കാരിൽ നിന്ന് അനുമതി തേടുമെന്നാണ് വിവരം. സൗകര്യങ്ങൾ കൊണ്ട് യുഎഇ ഐപിഎൽ നടത്താൻ ഏറ്റവും മികച്ച രാജ്യമായി ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്.
Read Also : കളി ദക്ഷിണാഫ്രിക്കയിൽ; കമന്ററി ഇന്ത്യയിൽ; ‘ത്രീടിസി’ പരീക്ഷിച്ച വിർച്വൽ കമൻ്ററി ഐപിഎല്ലിലും
ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി ഇന്ത്യൻ ടീം ക്യാമ്പ് ആരംഭിക്കാനും ബിസിസിഐക്ക് ആലോചനയുണ്ട്. പിന്നാലെ താരങ്ങൾ അതാത് ഫ്രാഞ്ചൈസികളുടെ ഭാഗമാവും. യുഎഇ വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നതോടെ ഫ്രാഞ്ചൈസികൾ ചാർട്ടേർഡ് വിമാനങ്ങൾക്കായും താരങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടലുകൾക്കായും ശ്രമം തുടങ്ങിക്കഴിഞ്ഞു.
മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here