കൊവിഡ് പ്രതിരോധ മരുന്ന് ജനുവരിയോടെ ലഭ്യമായേക്കും: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫാര്‍മസിസ്റ്റ്

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് മരുന്ന് ജനുവരിയോടെ ലഭ്യമായേക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ ഗവേഷണ സംഘത്തിലുള്ള റിസര്‍ച്ച് ഫാര്‍മസിസ്റ്റും മലയാളിയുമായ മോന്‍സി മാത്യു. കൊവിഡിനൊപ്പം സംസ്ഥാനം മഴക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ‘ പേമാരിയും മഹാമാരിയും ഒന്നിച്ചെത്തുമ്പോള്‍’ എന്ന പേരില്‍ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിച്ച എന്‍കൗണ്ടറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ മരുന്ന് പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഇക്കാര്യം പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വളരെ പോസിറ്റീവായിട്ടുള്ള ഫലമാണ് ലഭിച്ചിരിക്കുന്നത്. ആന്റിബോഡികള്‍ നിര്‍മിക്കാനും ദീര്‍ഘകാല രോഗപ്രതിരോധ ശേഷി നേടാനും കഴിയുന്ന ഫലമാണ് ഫെയ്‌സ് വണ്ണില്‍ ലഭിച്ചിട്ടുള്ളത്.
ഈ വര്‍ഷം ഏപ്രില്‍ അവസാനം മുതല്‍ ജൂണ്‍ വരെ ചെയ്തത് മരുന്നു പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമാണ്. അതിന്റെ പ്രാഥമിക പരിശോധന അനുസരിച്ച് ഫലം പോസിറ്റീവാണ്. ഓഗസ്റ്റ് 10 മുതല്‍ ഫെയ്‌സ് ത്രി ആരംഭിക്കും. 10,000 പേരിലാണ് പരീക്ഷണം നടത്തുക. മരുന്നിനെക്കുറിച്ചുള്ള പഠനം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകും. ഡിസംബര്‍ അവസാനത്തോടെ ഇത് റെഗുലേറ്റേഴ്‌സിന് നല്‍കും. അവരാണ് മരുന്ന് വിപണിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത്.
50,000 ത്തോളം വ്യത്യസ്ത തലങ്ങളിലുള്ള ആളുകളില്‍ മരുന്ന് പരീക്ഷിക്കുന്നതിന്റെ വിവരം ഇവര്‍ക്ക് ലഭ്യമാക്കും. പ്രായമായവരിലും കുട്ടികളിലും അടക്കം മരുന്ന് പരീക്ഷിച്ചതിന്റെ വിവരങ്ങള്‍ അടക്കമായിരിക്കും ഇക്കാര്യം ഇവര്‍ പരിശോധിക്കുക. ഇതിനുശേഷം ജനുവരി പകുതിയോടെയോ അവസാനത്തോടെയോ മരുന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും.
വാക്‌സിന്റെ ഗുണം നിശ്ചയിക്കുന്നത് അത് എത്ര നാള്‍ രോഗപ്രതിരോധ ശേഷി നല്‍കും എന്നത് സംബന്ധിച്ചാണ്. നിലവിലെ സ്ഥിതിയില്‍ ദീര്‍ഘകാല രോഗപ്രതിരോധ ശേഷി നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള മരുന്ന് നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – covid vaccine may be available by January
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here