‘വെള്ളാനകളുടെ നാട്ടിലെ’ റോഡ് റോളർ ലേലത്തിന്; അധിക വില നൽകി വാഹനം സ്വന്തമാക്കി കോഴിക്കോട് സ്വദേശി

വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയിൽ കണ്ട പഴയ റോഡ്‌റോളർ കോഴിക്കോട്ട് വീണ്ടും ലേലത്തിനെത്തി. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തതിനാൽ ഇനി ഉയോഗിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് വണ്ടി പൊതുമരാമത്ത് വകുപ്പ് ലേലത്തിന് വച്ചത്. മതിപ്പു വിലയേക്കാൾ കൂടുതൽ പണം നൽകി വാഹനം വാങ്ങാൻ എത്തിയത് പത്തിലേറെ പേരാണ്.
ബ്രേക്കില്ലാതെ പാഞ്ഞ് വരുന്ന റോഡ് റോളർ കുടകുത്തി തടയാൻ നോക്കിയ കോൺട്രാക്റ്റർ സിപിയെയും, പിഡബ്ല്യൂഡി വിളിച്ച് അവാർഡ് കൊടുത്ത സുലൈമാനെയും, ആ റോഡ് റോളറിനേയും മലയാളി മറക്കില്ല. 33 വർഷത്തെ ഓട്ടത്തിനു ശേഷം അതേ റോഡ് റോളർ നാലു വർഷമായി കിതച്ച് കിടക്കുകയായിരുന്നു. അങ്ങനെയാണ് പിഡബ്ല്യൂഡി ഇത് ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചത്.
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ റോഡ് റോളർ വാങ്ങാനെത്തുന്ന അടുത്ത സിപി ആരായിരിക്കുമെന്നായിരുന്നു നാട്ടുകാരുടെ കൗതുകം. അവസാനം തിരുവണ്ണൂർ സ്വദേശി സാലിഹ് അത് സ്വന്തമാക്കി.
മതിപ്പ് വിലയേക്കാൾ ഇരുപതിനായിരം അധികം ചിലവാക്കിയാണ് സാലിഹ് ഈ റോഡ് റോളർ സ്വന്തമാക്കിയത്. വീണ്ടും ഉപയോഗിക്കാനാവുമോ എന്ന് ഉറപ്പില്ല. ഈ ചക്രങ്ങൾ ഇനി ഉരുണ്ടാലും ഇല്ലെങ്കിലും നടൻ ശ്രീനിവാസന്റെ രചനയിൽ പിറന്ന മോയ്ദീന്റെ റോഡ് റോളർ മലയാളിയുടെ മനസിൽ ഓടിക്കൊണ്ടേയിരിക്കും.
Story Highlights – vellanakalude naadu road roller for auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here