മണിപ്പൂർ കോൺഗ്രസിൽ പൊട്ടിത്തെറി; ബിജെപിയിൽ ചേരാനൊരുങ്ങി വിമത കോൺഗ്രസ് നേതാക്കൾ

മണിപ്പൂരിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾ തള്ളി വിമത കോൺഗ്രസ് നേതാക്കൾ. ഇതോടെ ഇവിടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുമെന്ന സാഹചര്യമായി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്ത് ജയം ഉറപ്പാക്കിയതിന് പിന്നാലെയാണ് പൊട്ടിത്തെറി.
എംഎൽഎമാരായ ആർ കെ ഇമൊയും ഒക്റാം ഹെൻറിയുമാണ് ബിജെപി സ്ഥാനാർത്ഥി ലെയ്സെമ്പ സനജൗബയ്ക്ക് വോട്ടുചെയ്തത്. കോൺഗ്രസ് വിശദീകരണം തേടിയതോടെ ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ ഓഗസ്റ്റിൽ ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ കെ ജയ്ചന്ദ്ര സിംഗിന്റെ മകനും നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എൻ ബിരേൺ സിംഗിന്റെ മരുമകനുമാണ് ഇമോ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്റാം ജബോബി സിംഗിന്റെ മകനാണ് ഒക്റാം ഹെൻറി. ഇരുവരുമായും എഐസിസി നേതൃത്വം ചർച്ച തുടരുന്നുണ്ടെങ്കിലും ഇമോയെ പൂർണവിശ്വാസത്തിലെടുക്കുന്നില്ല.
ഭരണകക്ഷിയായ ബിജെപിയുടെ മൂന്ന് എംഎൽഎമാർ രാജിവച്ച് സഖ്യകക്ഷിയായ എൻപിപിയിലും കോൺഗ്രസിലും ചേർന്നിരുന്നു. ഭരണം അട്ടിമറിക്കുമെന്ന ഇവരുടെ ഭീഷണിക്കിടെയാണ് പുതിയ നീക്കം.
Story Highlights – Manipur, Congress, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here