Advertisement

ജയിലുകളിലെ പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

July 30, 2020
Google News 1 minute Read
petrol pump

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ജയിലിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുന്നതിനായി നിര്‍മിച്ച പുതിയ സ്‌പെഷ്യല്‍ സബ് ജയിലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഏകദേശം 200 പേരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ജയിലിലുള്ളത്. ചീമേനി തുറന്ന ജയിലില്‍ രണ്ടു കോടി രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഭരണ വിഭാഗത്തിന്റെ ഉദ്ഘാടനവും തൃക്കരിപ്പൂരില്‍ എംഎല്‍എയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഡിസ്‌പെന്‍സറിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നത്. അതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച തിരുവനന്തപുരം, വിയ്യൂര്‍, ചീമേനി എന്നീ ജയിലുകളിലെ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനമാണ് നടന്നത്. ജയില്‍ വക സ്ഥലത്ത് നാല് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനായി 9.5 കോടിയോളം രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മുതല്‍മുടക്കുന്നത്. 30 ലക്ഷം രൂപയാണ് ജയില്‍ വകുപ്പിന്റെ വിഹിതം.

പെട്രോളിയം ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിന് ജയില്‍വക ഭൂമി 30 വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിന് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് 25 സെന്റ്്, കണ്ണൂരില്‍ 39 സെന്റ്, വിയ്യൂരില്‍ 25 സെന്റ്, ചീമേനിയില്‍ 25 സെന്റ് എന്നിങ്ങനെ. ഇതുവഴി പ്രതിമാസം 5.9 ലക്ഷം രൂപ വാടക ഇനത്തില്‍ മാത്രം സര്‍ക്കാരിന് ലഭിക്കും. ഭാവിയില്‍ സിഎന്‍ജി, ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഈ പദ്ധതി വഴി പതിനഞ്ചോളം അന്തേവാസികള്‍ക്ക് ഓരോ പമ്പിലും തൊഴില്‍ നല്‍കാന്‍ സാധിക്കും. ഒപ്പം പൊതുജനങ്ങള്‍ക്ക് നല്ലതും ഗുണമേന്മയുള്ളതുമായ ഇന്ധനം കൃത്യമായ അളവില്‍ ലഭ്യമാക്കാനും കഴിയും. ഈ പെട്രോള്‍ പമ്പുകള്‍ക്കൊപ്പം പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു. ജയില്‍ ഡിജിപി ഋഷിരാജ് സിങ് സ്വാഗതം പറഞ്ഞു.

Story Highlights petroleum outlets in jails

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here