ചിത്രരചനയിലൂടെ അനാഥാലയത്തിനായി പണം സ്വരൂപിച്ച് ഏഴു വയസുകാരി

പഠനത്തിനിടയിലുള്ള ഒഴിവ് വേളകളിൽ കളികളിലും, കലയിലും മറ്റ് പ്രവർത്തനങ്ങളിലും മുഴുകാറുണ്ട് കുട്ടികൾ. എന്നാൽ ഏഴ് വയസുകാരിയായ ശ്രുതി തന്റെ ഒഴിവ് സമയം നീക്കിവയ്ക്കുന്നത് അനാഥ ബാല്യങ്ങൾക്ക് വേണ്ടിയാണ്.
ബംഗളൂരുവിലെ ജെപി നഗർ കാപിറ്റോൾ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ് ശ്രുതി. തന്റെ വീടിനടുത്ത് സ്ഥിതി ചെയ്യുന്ന അനാഥാലയത്തിലേക്ക് പണം സ്വരൂപിക്കുകയാണ് ഈ കുട്ടി. താൻ വരയ്ക്കുന്ന ചിത്രം വിറ്റ് കിട്ടുന്ന പണമാണ് അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കായി ശ്രുതി മോൾ നൽകുന്നത്. താൻ അനുഭവിക്കുന്ന സുഖങ്ങളെല്ലാം അവർക്കും നൽകുക എന്നതാണ് ഈ കുഞ്ഞിന്റെ ലക്ഷ്യം.
ശ്രുതിയുടെ മനസിൽ ഉദിച്ച ചോദ്യമാണ് ഈ പ്രവൃത്തിയിലേക്ക് വഴിതെളിച്ചത്. എന്തുകൊണ്ടാണ് അനാഥമന്ദിരത്തിലെ കുഞ്ഞുങ്ങൾക്ക് തന്റേത് പോലെ വസ്ത്രങ്ങളോ കളിപ്പാട്ടങ്ങളോ ഇല്ലാത്തതെന്ന് ഒരിക്കൽ ശ്രുതി അച്ഛൻ ജയചന്ദ്രനോട് ചേദിച്ചു. അപ്പോഴാണ് അവരെങ്ങനെയാണ് അനാഥരായതെന്നും ഇവിടെ എത്തിയതെന്നും അവരുെട ജീവിതത്തെ കുറിച്ചുമെല്ലാം ജയചന്ദ്രൻ മകൾക്ക് വിശദീകരിക്കുന്നത്. പിന്നീട് താൻ അനുഭവിക്കുന്നതെല്ലാം ഇവർക്കും വേണമെന്ന ചിന്ത ശ്രുതിക്ക് ഉള്ളിൽ ഉണ്ടായി.
അങ്ങനെയാണ് ലോക്ക്ഡൗൺ കാലത്ത് ചിത്രങ്ങൾ വരച്ച് വിറ്റ് ആ തുക ഇവർക്കായി ചെലവഴിക്കാൻ തീരുമാനിക്കുന്നത്. പ്രസന്ന ജ്യോതി ആശ്രമത്തിലെ 25 കുട്ടികൾക്കായി പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, മറ്റ് പഠന വസ്തുക്കൾ എന്നിവ നൽകിയിട്ടുണ്ട്.
Story Highlights – seven year old sells her art to raise money for orphanage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here