കള്ളൊഴിച്ചാല്‍ കവിത പാടുന്ന ഒരുപകരണമെന്നായിരുന്നു ആളുകളുടെ ധാരണ; കവി ലൂയിസ് പീറ്ററെപ്പറ്റി വ്യത്യസ്തമായ കുറിപ്പ്

facebook post louis peter

കഴിഞ്ഞ ദിവസമാണ് കവി ലൂയിസ് പീറ്റർ നിര്യാതനായത്. കേരളത്തിലെ സാസ്കാരിക, സാഹിത്യ സദസ്സുകളിൽ സജീവമായിരുന്ന അദേഹം അവിടെയെല്ലാം മദ്യപിച്ച് കവിത ചൊല്ലുന്ന കാഴ്ച സാധാരണയായിരുന്നു. അങ്ങനെ തന്നെയായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതും. എന്നാൽ, ഇങ്ങനെയല്ലാത്ത ലൂയിസ് പീറ്ററിനെപ്പറ്റിയുള്ള ഒരു കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മനേഷ് എന്ന ഫേസ്ബുക്ക് യൂസർ ആണ് ലൂയിസ് പീറ്ററിൻ്റെ സങ്കടങ്ങൾ ഒരുമിച്ചു കൂട്ടി കുറിപ്പെഴുതിയത്.

തനിക്ക് എല്ലാവരും കള്ള് വാങ്ങിത്തരുമായിരുന്നെങ്കിലും ആരും ഭക്ഷണം വാങ്ങിത്തരില്ലായിരുന്നു എന്ന് ലൂയിസ് പറഞ്ഞിരുന്നതായി മനേഷ് എഴുതുന്നു. സ്നേഹിക്കുന്നവർക്കാണ് ഭക്ഷണം വാങ്ങി നൽകുന്നതെന്നും തന്നെ ആരും സ്നേഹിച്ചിരുന്നില്ലെന്നും അദ്ദേഹം പരാതി പറയുമായിരുന്നു. രാത്രി കള്ള് വാങ്ങിത്തരുന്നവർ പകൽ ജോലിക്ക് പോകും. താൻ കാലിച്ചായ കുടിക്കാൻ പോലും പണമില്ലാതെ അവിടെ ഉണ്ടാവുമെന്ന് ലൂയിസ് പറഞ്ഞിരുന്നു എന്നും മനേഷ് എഴുതുന്നു.

മനേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ലൂയിസ് പീറ്റര്‍ മരിച്ചെന്നു പറഞ്ഞുള്ള ഫോണ്‍ വന്നപ്പോള്‍ ആദ്യം സമാധാനമാണ് തോന്നിയത്. ഡോളിച്ചേച്ചി രക്ഷപെട്ടു എന്ന ആശ്വാസമാണ് ഉള്ളില്‍ വന്നത്. കേട്ടതു ശരിയാണോ എന്നറിയാന്‍ ഡോളിയെ വിളിച്ചു.
അഞ്ചു മണിയോടെ ലൂയിസ് പോയെന്നു പറഞ്ഞു.

രക്തം ചര്‍ദ്ദിച്ച് വേദനയോടെയാണ് പോയത്. ലൂയിസിന് കരളും കുടലും ശ്വാസകോശമൊന്നും ഉണ്ടായിരുന്നില്ല. മരിച്ചുകിടക്കുന്നത് കവി ലൂയിസ് പീറ്ററല്ലെന്ന് മറ്റുള്ളവരോട് പറയണം. ഇതു പത്രത്തിലും മറ്റും വാര്‍ത്തയാക്കരുതു. ഇതിനെ വച്ച് ആഘോഷിക്കരുതെന്നും. അവരുടെ അമര്‍ഷവും ദേഷ്യവും ഫോണിലൂടെ അറിയാറുണ്ടായിരുന്നു. ആദ്യമായാണ് വേദനയോടെ അമര്‍ഷത്തോടെ അവരൊരു കാര്യം പറയുന്നത്. കേള്‍ക്കുന്നത്.

സ്വന്തമായൊരു വീട്ടിലിരുന്ന് മരിക്കണമെന്ന് ലൂയിസിന് വലിയ ആഗ്രഹമുണ്ടായിരുന്നു. മരിച്ചതിന്‍റെ തലേന്നാള്‍ ആ കുഞ്ഞുവീടിന്‍റെ കട്ടിളവെപ്പായിരുന്നു. അതിന്‍റെ വീഡിയോ അയച്ചു തന്നതില്‍ അന്യഗ്രഹജീവിയെ പോലൊരാള്‍, സാമൂഹിക അകലം പാലിച്ച് നടുവിന് കൈകൊടുത്തു നില്‍ക്കുന്നുണ്ട്. ഫാന്‍സ് അസോസിയേഷന്‍ കാരൊന്നുമില്ലാത്ത ലൂയിസ് പീറ്റര്‍. കള്ളിന്‍റെ ലഹരിയില്ലാത്ത ലൂയിസ്. വെയിലുകൊണ്ടുണങ്ങിയ, ഒരു ചെറിയ കാറ്റടിച്ചാല്‍ വീണുപോകുന്നൊരാള്‍.

ലൂയിസിന് എന്നെ അത്ര ഇഷ്ടമല്ലായിരുന്നു. പലതവണ എന്നോടതു പറഞ്ഞിട്ടുണ്ട്. ഗതികേടുകൊണ്ടാണ്, പോകാന്‍ വേറൊരു ഇടമില്ലാത്തതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്.
എങ്കിലും 2-3 ആഴ്ച മുമ്പ് വിളിച്ചിരുന്നു. നാട്ടിലെല്ലാം കൊറോണയാണ്. ആന്തരികാവയവങ്ങളൊന്നുമില്ല, ടി.ബിയാണ്, വല്ലാത്ത നരകയാതനയിലാണ്. ഇനിയൊരിക്കല്‍ക്കൂടി നമ്മള്‍ തമ്മില്‍ കാണില്ല. അത്രയും ക്ഷീണിച്ചു. നന്നായിരിക്കൂ ട്ടോ… സ്നേഹം…

എന്നു പറഞ്ഞു ഫോണ്‍ കട്ടാക്കി. ലൂയീസേട്ടനങ്ങനെയാണ്. ലൂയീസേട്ടനെന്നും ലൂയീസെന്നുമാണ് ഞാന്‍ വിളിച്ചിരുന്നത്. അയാളുടെ മൂഡ് സ്വിങ്ങനുസരിച്ചായിരുന്നു എന്‍റെ വിളിയിലെ മാറ്റങ്ങള്‍.

തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയാല്‍ തന്നിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയെ കിട്ടാന്‍ എന്തു കാട്ടിക്കൂട്ടലും ലൂയിസ് ചെയ്യുമായിരുന്നു. അതു വ്യവസ്ഥയോടുള്ള കലഹമായിരുന്നില്ല. അയാള്‍ വ്യവസ്ഥയോടൊപ്പമായിരുന്നു. അല്ലെന്നു നിങ്ങളില്‍ പലരും വാദിക്കും. ഒന്നോ രണ്ടോ മണിക്കൂറോ ദിവസമോ കൂടെ നിന്നിട്ട് നിങ്ങള്‍ക്കങ്ങനെ പറയാം. രണ്ടു വര്‍ഷങ്ങളില്‍ നാലു നാലു മാസങ്ങള്‍ ഒന്നിച്ചു താമസിച്ച പരിചയത്തിന്‍റെ മുകളില്‍ എനിക്ക് ഇങ്ങനെയേ പറയാന്‍ പറ്റൂ.

ലൂയിസ് അരാചകവാദിയായിരുന്നില്ല.
വ്യവസ്ഥയോടൊപ്പം കുടുംബവും കുട്ടികളുമൊക്കെയായി കൂട്ടുകാരുമൊക്കെയായി മാന്യമായി ജീവിക്കാനാഗ്രഹിച്ച
ഒരു പാവം മനുഷ്യന്‍.
മദ്യപാനം രോഗമായി മാറിയതിന്‍റെ ഇര.
അതിനു മുകളില്‍ സമൂഹം കള്ളു വാങ്ങിക്കൊടുത്തു അങ്ങനെ മാറ്റിത്തീര്‍ത്തു.
കൂടെയാഘോഷിക്കാനും ലൂയീസില്‍ നിന്നു ഓടി രക്ഷപ്പെടാനും.

ലൂയീസ് പറയുമായിരുന്നു-
എന്നെ ആരും സ്നേഹിച്ചിട്ടില്ലെടോ.
എന്നോടാരും ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചിട്ടില്ല.
നിനക്കറിയോ ഒരാളോടു സ്നേഹമുണ്ടെങ്കില്‍ എന്തെങ്കിലും കഴിച്ചോ എന്നല്ലേ ആദ്യം ചോദിക്കുക. ജീവിതത്തില്‍ വിരലിലെണ്ണാവുന്നവര്‍ അങ്ങനെ ചോദിച്ചിട്ടുണ്ട്. ബാക്കിയെല്ലാവരും കള്ളു വാങ്ങിത്തന്നു.
അവര്‍ക്ക് നേരം പോക്കിനുള്ള ഒരുപകരണം.
പാതിരാത്രിയോളം കള്ളുകുടിച്ച്
കവിത ചൊല്ലി ഡാന്‍സ് കളിച്ച്
അവര്‍ പോകും.
വീടിന്‍റെ മേല്‍ക്കൂരയുടെ സംരക്ഷണയില്‍ അവരുറങ്ങും.
രാവിലെ കുളിച്ച് വൃത്തിയായി അവരവരുടെ പണിക്ക് പോകും.
ലഹരിയൊഴിഞ്ഞ ഞാന്‍
തെരുവില്‍ കുളിക്കാതെ
കള്ളിന്‍റെയും സിഗരറ്റിന്‍റെയും വിയര്‍പ്പിന്‍റെയും നാറ്റത്തില്‍,
ഒരു കാല്‍ച്ചായ കുടിക്കാന്‍ പോലും കാശില്ലാതെ അവിടെത്തന്നെയുണ്ടാകും.
തലേന്നാള്‍, കുടിച്ചു കൂടിയാഘോഷിച്ചവര്‍
ഞാനവിടെത്തന്നെയുണ്ടാകുമെന്നു ഊഹിച്ചു
രണ്ടു കിലോമീറ്റര്‍ അപ്പുറത്തൂടെ
ചുറ്റിവളഞ്ഞു ജോലിസ്ഥലത്തേക്കു പോകും.
ഇതെനിക്കു സഹിക്കാന്‍ പറ്റില്ലായിരുന്നു.

എനിക്കിതിനോടായിരുന്നു ദേഷ്യം. ഈ ദേഷ്യം എല്ലാവരോടും കാണിച്ചു.
നിരാലംബനായിരുന്നു ഞാന്‍…
നിരാലംബരില്‍ നിന്നു ഒന്നും പ്രതീക്ഷിക്കരുത്
ഒരിറ്റ് സ്നേഹമോ ചേര്‍ത്തു പിടിക്കലോ
ഒരു ചെറു ചിരിയോ ഒന്നും…
ലൂയീസ് തെറിപ്പാട്ടു പാടി എല്ലാവരെയും ചീത്തവിളിക്കും. ആണിനെയും പെണ്ണിനെയും. ലൂയീസിന്‍റെ ശരീരം വിറക്കും. എന്താണു പറയുന്നതെന്നു ബോധമുണ്ടാവില്ല. എന്നിട്ടോ
വീണ്ടും പോകും അവരടുത്തേക്കു തന്നെ….
എന്നിട്ട് വീണ്ടും പറയും…
അവരാരും എന്നെ സ്നേഹിച്ചിരുന്നില്ല.
അവരെന്നെ ഒരുപകരണമായി കണ്ടു.
കള്ളൊഴിച്ചാല്‍ കവിത പാടുന്ന ഒരുപകരണം…
എനിക്കും അതില്‍ പങ്കുണ്ടു.
എന്‍റെ ഗതികേടാണതില്‍ വീണുപോകുന്നത്….

ഇങ്ങനെ കുടിച്ച് ഊരുതെണ്ടി നടന്നു വീണുപോകും എന്ന ഘട്ടത്തില്‍ കൈത്താങ്ങായിട്ട് വളരെ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ. വിരലിലെണ്ണാവുന്നവര്‍. ലൂയീസിനെ വീട്ടില്‍ കയറ്റിയിരുത്തി ചോറു കൊടുത്തവര്‍.
അവര്‍ പാപ്പന്‍, ലൂപ്പി ഫാന്‍സ്സല്ലായിരുന്നു. കവിതയില്‍ മുങ്ങി കവിതയില്‍ ജീവിച്ചൊടുങ്ങിയവരെന്നു പറയാത്തവരായിരുന്നു. അവരൊക്കെ ആരെയും ചേര്‍ത്തു പിടിക്കുന്നവരാണു.
ശരീരം വിറച്ച് പ്രാണന്‍റെ താളം താഴ്ന്നുവരുമ്പോഴേ ലൂയിസിനവരെ ഓര്‍മ്മ വരാറുണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിക്കാനാകാതെ വയറു വീര്‍ത്തു വരുമ്പോഴെ ലൂയിനവരെ ഓര്‍മ്മ വരാറുണ്ടായിരുന്നുള്ളൂ.

ഉള്ളിലൊരു നീറ്റലുണ്ട്.
ഒരു ചെറിയ പൊള്ളല്‍.
അതിലേറെ ആശ്വാസവും.

ഒപ്പ്
മനേഷ്

ലൂയിസ് പീറ്റര്‍ മരിച്ചെന്നു പറഞ്ഞുള്ള ഫോണ്‍ വന്നപ്പോള്‍ ആദ്യം സമാധാനമാണ് തോന്നിയത്. ഡോളിച്ചേച്ചി രക്ഷപെട്ടു എന്ന…

Posted by Manesh on Friday, July 31, 2020

Story Highlights facebook post about poet louis peter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top