ആ പുച്ചക്കുട്ടിയെ കൊന്ന വ്യക്തിയെന്ന പേരിൽ പ്രചരിക്കുന്നത് സംഗീത സംവിധായകൻ യുവൻ ശങ്കറിന്റെ ചിത്രം [24 Fact Check]

- ക്രിസ്റ്റീന വർഗീസ്
എല്ലാവരുടെയും കണ്ണു നനയിച്ച ഒരു ദൃശ്യം പോയ വാരം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു…ഒരു പൂച്ചക്കുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന വീഡിയോ. ദാരുണമായ ഈ സംഭവത്തിലെ പ്രതി ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഈ ചിത്രം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് ഒരു കുറവുമില്ല. ഇവയുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ട്വന്റിഫോർ ഫാക്ട് ചെക്ക് ടീം.
പൂച്ചക്കുട്ടിയെ ജീവനോടെ പെട്രോൾ ഒഴിച്ച് കൊന്ന പൈശാചികതക്ക് പിന്നിൽ സിപിഐഎം നേതാവ് സുധീഷ് കുട്ടൻ കട്ടില്ലാണെന്നാണ് പ്രചരിക്കുന്ന ഒരു വ്യാജവാർത്ത. ആക്രമണത്തിന് പിന്നിൽ ചേർത്തലയിലെ ഒരു യുവ മോർച്ച പ്രവർത്തകനാണെന്നും ഇയാൾ ഒളിവിലാണെന്നുമാണ് മറ്റൊരു വ്യാജ പ്രചാരണം. പിടിയിലായ പ്രതിയുടെതെന്ന് തോന്നിപ്പിക്കും വിധം തയ്യാറാക്കിയ രണ്ട് വ്യാജ പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്നതാകട്ടെ മറ്റൊരാളുടെ ഫോട്ടോ ആണ്.
ചിത്രത്തിലെ കുറിപ്പിൽ പറയുന്നത് പോലെ കുറ്റം ചെയ്തയാൾ സിപിഐഎം പ്രവർത്തകനോ യുവമോർച്ച പ്രവർത്തകനോ അല്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. കുറ്റം ചെയ്തയാൾ തന്നെയാണ് ദൃശ്യം പകർത്തിയത് എന്നാണ് പൊലീസിന്റെ അനുമാനം. പോസ്റ്റുകളിൽ ചേർത്തിരിക്കുന്ന ചിത്രം, തമിഴ് ഗായകനും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുടേതാണ്.

യുവന്റെ ചിത്രം വ്യാജ വാർത്തകൾക്കായി മുൻപും ഉപയോഗിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയിൽ പരിചിതമായ മുഖമായിട്ടു പോലും ഈ വ്യാജ പോസ്റ്റർ ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നു.
Story Highlights – yuvan shankar killing cat 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here