Advertisement

സര്‍ക്കാരിന് പാട്ടത്തുക നൽകാതെ സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്നത് 22,000 ഏക്കറിൽ അധികം ഭൂമി; വ്യവസ്ഥാ ലംഘനത്തിൽ വൻകിട ക്ലബുകളും

August 2, 2020
Google News 1 minute Read

പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വച്ചവർ പാട്ടവ്യവസ്ഥ ലംഘിച്ചിട്ടും കഴിഞ്ഞ നാല് വർഷത്തിനിടെ സർക്കാർ പിടിച്ചെടുത്തത് 17 ഏക്കർ മാത്രം. വൻകിട ക്ലബുകൾ ഉൾപ്പെടെയുള്ളവയാണ് പാട്ടവ്യവസ്ഥകൾ ലംഘിച്ചിട്ടുള്ളത്. പാട്ടവുമായി ബന്ധപ്പെട്ട് 151 കേസുകൾ മാത്രമാണ് കോടതികളിൽ നിലനിൽക്കുന്നത്. കേസുകളില്ലാത്ത ഭൂമി പോലും തിരിച്ചെടുക്കുന്നതിൽ വൻവീഴ്ചയാണ്.

സംസ്ഥാനത്താകെ 6,4247 ഏക്കർ ഭൂമിയാണ് പാട്ടത്തിന് നൽകിയിട്ടുള്ളത്. ഇതിൽ 10136 ഏക്കർ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി പാട്ടം നൽകിയതും ബാക്കിയുള്ളത് എസ്‌റ്റേറ്റുകൾക്ക് നൽകിയതും ആണ്. ഇതിൽ 22,000 ഏക്കറിലധികം ഭൂമി വർഷങ്ങളായി പാട്ടവ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരിക്കുന്നു. ഇവർ പാട്ടത്തുക നൽകാതെ കരാർ വ്യവസ്ഥ ലംഘിച്ചതായി സർക്കാർ കണ്ടെത്തിയിരുന്നു.

Read Also : പാട്ടക്കുടിശിക പിരിക്കാതെ സർക്കാർ; സർക്കാരിന് കിട്ടാനുള്ളത് 1155 കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം 70 കോടിയോളം രൂപ ലഭിക്കേണ്ടിടത്ത് മൂന്ന് കോടി രൂപ മാത്രമാണ് പാട്ടത്തുകയായി ലഭിച്ചത്. 1500 കോടി രൂപയാണ് ഇതുവരെയുള്ള പാട്ടക്കുടിശിക. എന്നാൽ വ്യവസ്ഥ ലംഘിച്ചിട്ടും ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തയാറായിട്ടില്ല.

ഇവർക്ക് നോട്ടീസ് നൽകി പാട്ടക്കുടിശിക പിരിച്ചെടുക്കുകയും പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കുകയും ചെയ്യണമെന്നതാണ് നിയമം. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പാട്ടവ്യവസ്ഥ ലംഘിച്ചതിൽ 17 ഏക്കർ മാത്രമാണ് ഏറ്റെടുത്തത്. ഇതിൽ 14 ഏക്കറും എറണാകുളം ജില്ലയിൽ നിന്നാണ്. ആലപ്പുഴയിൽ 2.6 ഏക്കറും കോട്ടയത്ത് 0.29 ഏക്കറും ഏറ്റെടുത്തു. ഇതെല്ലാം ചെറുകിട പാട്ടക്കാർക്ക് നൽകിയ ഭൂമിയാണ്.

വൻതോതിൽ ഭൂമി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് ഭൂമി ഏറ്റെടുക്കാനുള്ള ഒരു നീക്കവുമുണ്ടായിട്ടില്ല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയെങ്കിലും കുടിശിക അടയ്ക്കാൻ കൈവശക്കാർ തയാറായില്ല. പ്രധാനപ്പെട്ട നഗരങ്ങളുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന 26 ക്ലബുകളും പാട്ടവ്യവസ്ഥ ലംഘിച്ചവയിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം കവടിയാറിലെ ഗോൾഫ് ക്ലബ്, സെക്രട്ടേറിയറ്റിന് പിന്നിലെ മന്നം ക്ലബ്, എറണാകുളത്തെ കൊച്ചിൻ ക്ലബ്, കോഴിക്കോട് ഓഫീസേഴ്‌സ് ക്ലബ് എന്നിവയുൾപ്പെടെയാണിത്. 34 കോടിയാണ് ഇവരുടെ പാട്ടക്കുടിശിക. ഉന്നത ഉദ്യോഗസ്ഥരും വൻകിടക്കാരുമാണ് ഈ ക്ലബിലെ പ്രധാന ഭാരവാഹികൾ. അതിനാൽ തന്നെ ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരും തയാറാകുന്നില്ല.

Story Highlights goverment lease land, lease amount

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here