Advertisement

വിപ്ലവ വീര്യം നുരയുന്ന മലയാള മഹാറാണി.. മെയ്ഡ് ഇൻ അയർലന്റ്

August 2, 2020
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗ്യ ബാരെറ്റ് / അമൃത പുളിക്കൽ

വയനാടൻ സുഗന്ധ ദ്രവ്യങ്ങളുടെ വീര്യവുമായൊരു മദ്യം യൂറോപ്പ്യൻ രാജ്യമായ അയർലന്റിൽ ചൂടപ്പം പോലെ വിട്ടഴിയുന്നുണ്ട്. ഒരു ‘ജിന്ന്’ ആണ് കേട്ടോ അത്.. ഇനി മറ്റൊരു കാര്യം, ജിന്നിന്റെ പേര് ‘മഹാറാണി’ എന്നാണ്!!! മലയാളം കയറിക്കൂടിയ മദ്യവും കുപ്പിയുമെല്ലാം ലോകത്ത് എല്ലായിടത്തുമുള്ള കേരളീയര്‍ക്കിടയില്‍ ചൂടുള്ള ചർച്ചാ വിഷയമായി.

കേരളത്തിലെ ശക്തരായ സ്ത്രീകൾക്കുള്ള ആദരവായ മഹാറാണി എന്ന പേരിനൊപ്പം, ‘വിപ്ലവ സ്പിരിറ്റ്’ എന്നും കുപ്പിയുടെ ലേബലിലുണ്ട്. അടപ്പിലെ മോക്ഷം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് കുപ്പിയിലെ മദ്യം നൽകുന്ന കലക്കൻ വീര്യം തന്നെ. രുചിച്ചാൽ കിട്ടുന്നത് വയനാടൻ ചുരം കയറിയ ഫീലും. കമ്പിളി നാരങ്ങയുടെയും മറ്റ് വയനാടൻ സുഗന്ധവ്യഞ്ജനങ്ങളുടെയും തെരഞ്ഞെടുത്ത കൂട്ടാണ് ജിന്നിൽ ഉപയോഗിച്ചിരിക്കുന്നത്.

മഹാറാണിയുടെ മലയാളിത്തത്തിന്‍റെ ഉറവിടം അന്വേഷിച്ച് ചെന്നെത്തിയത് ഒരു വനിതയിലാണ്. ലഹരിയ്ക്ക് പിന്നിൽ പ്രവര്‍ത്തിച്ച ബുദ്ധി ഭാഗ്യാ ബാരെറ്റിൻറെത്. അയർലന്റുകാരനായ റോബർട്ടും ഭാര്യയായ ഭാഗ്യയും ചേർന്ന് കെട്ടിപ്പടുത്ത ഡിസ്റ്റലറിയിൽ നിന്നാണീ മഹാറാണിയുടെ എഴുന്നള്ളത്ത്.

തുടക്കം

കൊല്ലം കിളികൊല്ലൂർ സ്വദേശിനിയാണ് ഭാഗ്യ ലക്ഷ്മി. 2011ൽ അയർലന്റിലേക്ക് ചേക്കേറിയ ഇവർ 2017ൽ റോബർട്ടിനെ വിവാഹം ചെയ്തു. ഡിസ്റ്റിലറി രംഗത്ത് പരിചയസമ്പത്തുള്ള റോബർട്ടും ഭാഗ്യയും ചേർന്നാണ് സ്വന്തമായി ഡിസ്റ്റലറി എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇറങ്ങിയത്. രാജ്യത്തെ ഫുഡ് ബോർഡിന്റെ സഹായത്തോട് കൂടിയാണ് ഡിസ്റ്റിലറിയുടെ ആരംഭം.

Read Also :എഞ്ചിനീയറിംഗിൽ നിന്ന് ഫോട്ടോഗ്രാഫിയിലേക്ക്; വിശേഷങ്ങളുമായി വിഷ്ണു എസ് രാജൻ

റിബൽ സിറ്റി ഡിസ്റ്റിലറി

കോർക്കിനെ ‘റിബൽ സിറ്റി’ എന്ന ഓമനപ്പേരിട്ടാണ് അയർലന്റുകാർ വിളിക്കുന്നത്. നഗരത്തിൽ ‘റിബൽ സിറ്റി ഡിസ്റ്റിലറി’ എന്ന പേരിൽ ഈ ദമ്പതികൾ തങ്ങളുടെ സംരംഭം ആരംഭിച്ചു. ജൂണിലാണ് മഹാറാണിയുടെ ഉത്പാദനം തുടങ്ങിയത്. 49 യൂറോ അഥവാ 4000ൽ അധികം ഇന്ത്യൻ രൂപ വില വരും ഒരു കുപ്പി മഹാറാണിക്ക്.

മുൻപ് ജർമനിയിലെ പോർച്ചുഗലിന്റെ തനതായ ഒരു മദ്യ ബ്രാൻഡിന്റെ കുറിച്ച് കേട്ടിരുന്നു. അത് വളരെയധികം ഇഷ്ടപ്പെട്ടു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജിന്നിൽ വയനാടൻ രുചി കലർത്താനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ഭാഗ്യ ട്വന്റിഫോർന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

മഹാറാണിയുടെ മലയാളി കുപ്പി

മഹാറാണിയുടെ കുപ്പിയുടെ രൂപകൽപന ചെയ്തത് 18 മാസത്തെ നീണ്ട പരിശ്രമത്തിന് ശേഷമാണെന്ന് ഭാഗ്യ പറയുന്നു. ഡിസൈൻ ടീമിനൊപ്പമുള്ള നിരവധി ചർച്ചകൾക്കൊടുവിലാണ് ഭാഗ്യയും റോബർട്ടും അവസാനം മഹാറാണി കുപ്പിയെ ഇപ്പോൾ കാണുന്ന രൂപത്തിലെത്തിച്ചത്. ഭാഷാ ശാസ്ത്രത്തിൽ വളരെ അധികം താത്പര്യവുമുള്ള ആളാണ് ഭാഗ്യ. മാതൃഭാഷയോടുള്ള ഇഷ്ടം മദ്യക്കുപ്പിയുടെ ഡിസൈനിലും പ്രതിഫലിച്ചു.

ഫെമിനിസ്റ്റ് എലമെന്റ്

സ്ത്രീകൾ കോർപറേറ്റ് കമ്പനികൾ നയിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകൾ ആഗ്രഹിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന, ശക്തരായ സ്ത്രീകൾക്കും അവരുടെ ആത്മ വീര്യത്തിനുമുള്ള ആദരവായാണ് മദ്യത്തിന് മഹാറാണിയെന്ന് പേരിട്ടതെന്ന് ഭാഗ്യ.

‘സാമൂഹിക രംഗത്ത് ശക്തമായ സാന്നിധ്യമായ കേരളത്തിലെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’ എന്ന് മഹാറാണി കുപ്പിയിൽ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. അയർലാന്റിൽ ഐടി പ്രോഗ്രാം മാനേജറായി ജോലി ചെയ്യുന്ന ഭാഗ്യയ്ക്ക് കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകൾ എന്നും പ്രചോദനമാണ്.

ലോകം മുഴുവൻ സ്ത്രീകളുടെ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുകയാണ്. അതാണ് മദ്യത്തിന് ഫെമിനിസത്തിന്‍റെ ചേരുവ നൽകാൻ കാരണം. സ്ത്രീകൾ ലോകത്തെ നയിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കേരളത്തിലെ നങ്ങേലിയുടെത് അടക്കമുള്ള നാടോടി കഥകൾ പ്രേരണയായി. അതിനാലാണ് വാൾ ചിഹ്നം കുപ്പിയിൽ ചേർത്തത്.

Posted by Bhagya Barrett on Wednesday, July 29, 2020

അയർലന്റിലെ ആളുകൾ മഹാറാണിയുടെ സ്വാദ് ഇഷ്ടപ്പെട്ടുവെന്നും ഭാഗ്യ. വിപണിയില്‍ നിലവിലുള്ള മദ്യ ബ്രാന്‍ഡുകളില്‍ ഹൃദ്യമായ മണവും സ്‌പൈസിയായ രുചിയും വളരെ അപൂർവമാണ്. അതിനൊപ്പം സ്ത്രീ ശാക്തീകരണം മദ്യവുമായി ആളുകളെ കൂടുതൽ ബന്ധിപ്പിക്കുന്നുവെന്നും ഭാഗ്യ വിശദീകരിച്ചു.

വയനാട്ടിലെ സ്ത്രീകളുടെ പ്രദേശിക സംഘമായ വനമൂലികയിൽ നിന്നാണ് കമ്പിളി നാരങ്ങയുടെ തൊലി അടക്കം മഹാറാണി ജിന്നിന് വേണ്ട സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റി അയക്കുന്നത്. അത് മഹാറാണിയിലെ മറ്റൊരു വനിതാ ടച്ചാണ്.

കോർക്കിലെ നിരവധി പ്രമുഖ റെസ്റ്റോറന്റുകളിൽ മഹാറാണി ജിൻ ഉപയോഗിക്കുന്നുണ്ട്. മഹാറാണി ഇന്ത്യയിലെത്താൻ കുറച്ച് സമയമെടുക്കുമെന്നും മാർക്കറ്റിലെത്തുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഭാഗ്യ. ഇനിയും പുതിയ രസക്കൂട്ടുകള്‍ തങ്ങളുടെ ഡിസ്റ്റിലറിയില്‍ നിന്നും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് റോബര്‍ട്ടും ഭാഗ്യയും.

Story Highlights maharani gin, ireland, bhagya barret and robert barret

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement