ട്രഷറി തട്ടിപ്പ് കേസ്; ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം

vanchiyoor treasury fraud

ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. ഫിനാന്‍സ് സെക്രട്ടറി ആര്‍.കെ. സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവിറങ്ങും. ഗുരുതരമായ സൈബര്‍ ക്രൈമാണ് ബിജുലാല്‍ ചെയ്തിട്ടുള്ളതെന്നാണ് യോഗത്തിന്റെ കണ്ടെത്തല്‍.

ഇത്തരത്തില്‍ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയയാളെ സര്‍വീസില്‍ വച്ചോണ്ടിരിക്കേണ്ടെന്നാണ് തീരുമാനം. ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും.

തട്ടിപ്പില്‍ വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കും. തട്ടിപ്പു കണ്ടുപിടിച്ച എസ്ടിഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂര്‍ ട്രഷറിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സ്ഥലം മാറ്റുന്നതിനും തീരുമാനമായി. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ നല്‍കുന്നതിന് ഇവര്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

ട്രഷറി സോഫ്റ്റുവെയര്‍ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതിനും തീരുമാനമായി. ഇതിനു പുറമേ ഫംങ്ഷന്‍ ഓഡിറ്റ് നടത്തുന്നതിന് എന്‍ഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നല്‍കുന്നതിനും തീരുമാനമായി. സമാനമായ സംഭവങ്ങള്‍ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

Story Highlights Treasury fraud case, Decision to dismiss Bijulal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top