Advertisement

കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കോൺഗ്രസ് നേതാക്കൾ; ചമ്പൽക്കൊള്ളക്കാർ പോലും സർക്കാരിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മുല്ലപ്പള്ളി

August 4, 2020
Google News 2 minutes Read

ട്രഷറി ഫണ്ട് തട്ടിപ്പിലും സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കൊളളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ട്രഷറിയിൽ പണം നിക്ഷേപിക്കാൻ ധനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് തട്ടിപ്പിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എക്‌സ്‌പോസിംഗ് പിണറായി എ ടു ഇസഡ് എന്ന വീഡിയോ പരമ്പരയുടെ ട്രെയിലർ പുറത്തിറക്കി സംസാരിക്കുകയായിരുന്നു നേതാക്കൾ. കൺസൽട്ടൻസി നിയമനം, സ്വർണക്കടത്ത് വിവാദം തുടങ്ങിയവക്ക് പിന്നാലെയാണ് ട്രഷറി ഫണ്ട് തട്ടിപ്പിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പ്രതി ബിജുലാലിന്റെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Read Also : സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചമ്പൽക്കൊള്ളക്കാർ പോലും ഈ സർക്കാരിന്റെ മുന്നിൽ ഒന്നുമല്ല. തന്റേടം ഉണ്ടെങ്കിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാവണം. സിപിഐയുടെ സർവീസ് സംഘടന തന്നെ പലവിധ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് യുവതി-യുവാക്കൾക്കാണ് തൊഴിൽ നിഷേധിച്ചത്. എല്ലാത്തിന്റെയും അടിവേരുകൾ ചെന്നെത്തുക മുഖ്യമന്ത്രിയിലും. മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഐഎമ്മിനോടും ക്വിറ്റ് കേരള എന്ന അഭ്യർത്ഥന മാത്രമാണ് തങ്ങൾക്കെന്ന് മുല്ലപ്പളളി പറഞ്ഞു.

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ പരാതി കിട്ടിയാൽ അന്വേഷണ അനുമതി നൽകാൻ വ്യഗ്രത കാട്ടുന്ന സർക്കാർ മറിച്ചാകുമ്പോൾ നിലപാട് മാറ്റുന്നതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പണം തട്ടുന്നവർ സഖാക്കൾ എങ്കിൽ പണം തിരിച്ചടപ്പിച്ച് രക്ഷപ്പെടുത്തുന്ന നെറികേട് ആണ് കഴിഞ്ഞ നാലു വർഷമായി കേരളം കാണുന്നത്. തട്ടിപ്പുകാരൻ സിപിഐഎമ്മിന്റെ സൈബർ പോരാളിയാണ്. പിടിച്ചു കഴിഞ്ഞപ്പോൾ അയാൾ എൻജിഒ യൂണിയൻകാരൻ അല്ലാതായി. ധനമന്ത്രിയും കൈകഴുകി രക്ഷപ്പെടാമെന്ന് കരുതെണ്ട. ധനമന്ത്രിക്ക് എതിരെയും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല. 15 തവണ സമാന സംഭവം ഉണ്ടായപ്പോഴും പണം തിരിച്ചുനൽകി ഒത്തുതീർപ്പാക്കിയതായും ചെന്നിത്തല ആരോപിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു കൺസൽട്ടൻസികൾക്കും വഴിവിട്ട് സഹായം നൽകിയിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്തെ കൺസൽട്ടൻസികളുടെ പേര് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാൻ ആവില്ല. കൺസൾട്ടൻസികളിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. റാങ്ക് ലിസ്റ്റ് ഇല്ലാത്തതാണ് പുറംവാതിൽ നിയമനങ്ങളുടെ മുഖ്യകാരണം. ചെറുപ്പക്കാരെ അസ്വസ്ഥരാക്കരുതെന്നും നീതി ലഭിക്കുമെന്ന സന്ദേശം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Story Highlights vanchiyur treasury case, mullappally ramachandran, ramesh chennithala, umman chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here