ബാറ്റിംഗിൽ തകർച്ച നേരിട്ടിട്ടും 300 കടന്ന് ഇംഗ്ലണ്ട്; ഓയിൻ മോർഗന് സെഞ്ചുറി

england 328 allout ireland

അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 300 കടന്ന് ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 328 റൺസിന് എല്ലാവരും പുറത്തായി. 106 റൺസെടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗനാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ടോം ബാൻ്റൺ, ഡേവിഡ് വില്ലി എന്നിവർ അർധസെഞ്ചുറി നേടി. 44/3 എന്ന നിലയിലും 216-7 എന്ന നിലയിലും തകർന്ന ഇംഗ്ലണ്ടിനെ വാലറ്റത്തിൻ്റെയും മോർഗൻ, ബാൻ്റൺ എന്നിവരുടെയും പോരാട്ടമാണ് മികച്ച സ്കോറിലെത്തിച്ചത്.

Read Also : 21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അയർലൻഡ് ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന് പ്രഹരമേല്പിച്ചു. ക്രെയിഗ് യങിൻ്റെ പന്തിൽ ജേസൻ റോയിയെ ആൻഡി ബാൽബർനി കൈപ്പിടിയിലൊതുക്കുമ്പോൾ സ്കോർബോർഡിൽ 2 റൺസ്. തൊട്ടു പിന്നാലെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജോണി ബെയർസ്റ്റോയും (4) മടങ്ങി. ബെയർസ്റ്റോയെ മാർക്ക് അഡൈർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ജെയിംസ് വിൻസ് (16) ക്രെയിഗ് യങിൻ്റെ പന്തിൽ ലോർകൻ ടക്കറിൻ്റെ കൈകളിൽ അവസാനിച്ചപ്പോൾ സ്കോർബോർഡിൽ വെറും 44 റൺസ്.

8.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 44 എന്ന നിലയിൽ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനും ടോം ബാൻ്റണും ക്രീസിൽ ഒത്തുചേർന്നു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ മോർഗനും ക്യാപ്റ്റന് പിന്തുണ നൽകിയ ബാൻ്റണും ഇംഗ്ലണ്ടിനെ തിരികെ ട്രാക്കിലെത്തിച്ചു. 39 പന്തുകളിൽ മോർഗനും 41 പന്തുകളിൽ ബാൻ്റണും അർധസെഞ്ചുറികൾ നേടി. ബാൻ്റണിൻ്റെ ആദ്യ രാജ്യാന്തര അർധസെഞ്ചുറിയായിരുന്നു ഇത്. 78 പന്തുകളിൽ മോർഗൻ സെഞ്ചുറിയും തികച്ചു. സെഞ്ചുറി തികച്ചതിനു പിന്നാലെ ജോഷ്വ ലിറ്റിൽ മോർഗനെ പുറത്താക്കി. ഹാരി ടെക്ടർ പിടിച്ച് പുറത്താവുമ്പോൾ 84 പന്തുകളിൽ 15 ബൗണ്ടറികളും 4 സിക്സറുകളും സഹിതം മോർഗൻ 1006 റൺസെടുത്തിരുന്നു. മോർഗൻ പുറത്തായതോടെ 146 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും അവസാനിച്ചു. ഏറെ വൈകാതെ ടോം ബാൻ്റണും മടങ്ങി. 51 പന്തുകളിൽ 58 റൺസെടുത്ത ബാൻ്റൺ ഗാരെത് ഡെലനിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

Read Also : കാംഫെറിന് തുടർച്ചയായ രണ്ടാം അർധസെഞ്ചുറി; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം

പിന്നീട് ഒരു തകർച്ച. സാം ബില്ലിങ്സ് (19), മൊയീൻ അലി (1) എന്നിവർ വേഗം പുറത്തായി. ബില്ലിങ്സിനെ ക്രെയിഗ് യങിൻ്റെ പന്തിൽ മാർക്ക് അഡൈർ പിടികൂടിയപ്പോൾ മൊയീൻ അലി കർട്ടിസ് കാംഫെറുടെ പന്തിൽ പോൾ സ്റ്റെർലിങിൻ്റെ കൈകളിൽ അവസാനിച്ചു. 33.2 ഓവറിൽ 216/7 എന്ന നിലയിൽ നിന്ന് വീണ്ടും ഒരു രക്ഷാപ്രവർത്തനം. ടോം കറനും ഡേവിഡ് വില്ലിയും ക്രീസിൽ ഒത്തുചേർന്നു. കൂറ്റൻ ഷോട്ടുകളിലൂടെ വളരെ വേഗം സ്കോർ ചെയ്ത ഡേവിഡ് വില്ലി 38 പന്തുകളിൽ അർധശതകം തികച്ചു. 42 പന്തുകളിൽ 52 റൺസെടുത്ത വില്ലിയെ കാംഫെർ ആൻഡീ ബാൽബിർനിയുടെ കൈകളിലെത്തിച്ചു. ആദിൽ റഷീദ് (3) റണ്ണൗട്ടായി. അവസാന വിക്കറ്റിൽ സാഖിബ് മഹ്മൂദും ടോം കറനും ചേർന്ന 30 റൺസ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ജോഷ്വ ലിറ്റിൽ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ബിൽബർനിക്ക് പിടികൊടുത്ത് സാഖിബ് (12) മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനു തിരശീല. 38 റൺസുമായി ടോം കറൻ പുറത്താവാതെ നിന്നു.

Story Highlights england 328 allout vs ireland

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top