107 കിലോമീറ്റർ വേഗതയിൽ കാറ്റ്; മുംബൈയെ വിറപ്പിച്ച് മഴ

മുംബൈയെ വിറപ്പിച്ച് കനത്ത മഴയും കാറ്റും. 107 കിലോമീറ്റർ വേഗതയിലാണ് ഇന്ന് വൈകുന്നേരം മുംബൈ നഗരത്തിൽ കാറ്റ് വീശിയത്. കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര പറന്നു പോയി. മരങ്ങൾ കടപുഴകുകയും വാഹനങ്ങൾ മറിയുകയും ചെയ്തു. തുറമുഖത്തെ ക്രെയിനുകളും നിലം പൊത്തി. രാജ്യത്തിൻ്റെ വാണിജ്യ തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.
മുംബൈയിൽ ഇനിയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട്. രാവിലെ വരെ മഴ തുടരുമെന്നും 70 കിലോമീറ്ററോളം വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. നാഗ്പൂർ, താനെ, കുർള തുടങ്ങിയ സ്ഥലങ്ങളിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Read Also : മുംബൈയിൽ 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴ: ലോക്കൽ ട്രെയിൻ സർവീസ് നിർത്തി; ഓഫീസുകൾ അടച്ചു
തിങ്കളാഴ്ച പുലർച്ചെ 7 മണി മുതൽ മുംബൈയിൽ മഴയാണ്. അടുത്ത 10 മണിക്കൂറിനുള്ളിൽ മുംബൈ സിറ്റിയിൽ 230 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. സാന്താക്രൂസിൽ ഇന്നലെ 35 വയസ്സുകാരിയായ ഒരു അമ്മയും രണ്ട് മക്കളും ഒഴുകിപ്പോയിരുന്നു.
2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തി. അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു.
രണ്ട് ലോക്കൽ ഷട്ടിൽ ട്രെയിൻ സർവീസുകൾ മാത്രമാണ് ഇപ്പോൾ മുംബൈയിൽ നടക്കുന്നത്. വാശി-പൻവേൽ, താനെ-കല്യാൺ എന്നീ സർവീസുകൾ ഒഴികെയുള്ളവയെല്ലാം സർവീസ് നിർത്തി. ബ്രിഹാൻമുംബൈ ഇലക്ട്രിസിറ്റി സപ്ലേ ആൻഡ് ട്രാൻസ്‌പോർട്ട് ബസ് സർവീസുകൾ പല റൂട്ടുകളും റദ്ദാക്കി.
Story Highlights – Heavy Rain Cyclone at 107 Kmph In Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here