സ്റ്റെർലിങിനും ബാൽബേർണിക്കും സെഞ്ചുറി; അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അട്ടിമറി ജയവുമായി അയർലൻഡ്. 7 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ലോക ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലണ്ട് നേടിയത്. പോൾ സ്റ്റെർലിങ്, ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി എന്നിവരുടെ ഉജ്ജ്വല സെഞ്ചുറികളാണ് അയർലൻഡിന് ജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. പോൾ സ്റ്റിർലിങ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിൻ്റെ ഡെവിഡ് വില്ലി മാൻ ഓഫ് ദ സീരീസായി.
Read Also : ബാറ്റിംഗിൽ തകർച്ച നേരിട്ടിട്ടും 300 കടന്ന് ഇംഗ്ലണ്ട്; ഓയിൻ മോർഗന് സെഞ്ചുറി
329 റൺസ് വിജയലക്ഷ്യവുമായാണ് അയർലൻഡ് ഇറങ്ങിയത്. മികച്ച രീതിയിൽ തുടങ്ങിയ പോൾ സ്റ്റിർലിങ് ഓപ്പണിംഗ് പങ്കാളി ഗാരെത് ഡെലനിയെ കാഴ്ചക്കാരനാക്കി കുതിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ട് കൃത്യം 50 ആയപ്പോൾ ഡെലനി വീണു. 12 റൺസെടുത്ത ഡെലനിയുടെ കുറ്റി പിഴുത ഡേവിഡ് വില്ലിയാണ് ഇംഗ്ലണ്ടിനു ബ്രേക്ക്‌ത്രൂ നൽകിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി ക്രീസിലെത്തി. പിന്നീട് അയർലൻഡിൻ്റെ തേരോട്ടമായിരുന്നു.
Read Also : 21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്
ഗംഭീരമായി ബാറ്റ് ചെയ്ത ഇരുവരും അനായാസം സ്കോർബോർഡ് ചലിപ്പിച്ചു. കാൽകുലേറ്റഡ് റിസ്കുകൾ എടുത്ത ഇരുവരും ഒരോവറിൽ ഒരു ബൗണ്ടറിയെങ്കിലും ഉറപ്പാക്കി. സ്റ്റിർലിങിനെ രണ്ടുതവണ നിലത്തിട്ട ഇംഗ്ലണ്ട് ഫീൽഡർമാരും അയർലൻഡിനെ കയ്യയച്ച് സഹായിച്ചു. ബൗളർമാരെ പലതവണ മറ്റി പരീക്ഷിച്ചിട്ടും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗന് ഈ കൂട്ടുകെട്ട് തകർക്കാനായില്ല. 96 പന്തുകളിൽ സ്റ്റിർലിങ് സെഞ്ചുറി തികച്ചു. 100 പന്തുകളിൽ ബാൽബേർണിയും ശതകത്തിലെത്തി. ഒടുവിൽ, 214 റൺസ് നീണ്ട മാരത്തൺ കൂട്ടുകെട്ടിനൊടുവിൽ റണ്ണൗട്ടിൻ്റെ രൂപത്തിൽ ഭാഗ്യം ഇംഗ്ലണ്ടിനെ തേടിയെത്തി. 128 പന്തിൽ 9 ബൗണ്ടറിയും 6 സിക്സറും സഹിതം 142 റൺസെടുത്ത് പുറത്തായ സ്റ്റിർലിങ് അയർലൻഡീനെ വിജയത്തിൻ്റെ വക്കിലെത്തിച്ചിരുന്നു. ഏറെ വൈകാതെ ബാൽബേർണിയും മടങ്ങി. 112 പന്തുകളിൽ 12 ബൗണ്ടറികൾ അടക്കം 113 റൺസെടുത്ത ഐറിഷ് ക്യാപ്റ്റനെ ആദിൽ റഷീദ് സാം ബില്ലിങ്സിൻ്റെ കൈകളിലെത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഹാരി ടെക്ടർ (29), കെവിൻ ഓ ബ്രിയൻ (21) എന്നിവർ 50 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടുയർത്തി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിജയ റൺ.
Story Highlights – ireland won against england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here