സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്. ഇടുക്കിയിലും വയനാട്ടിലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോടും വയനാടും നാളെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Read Also : സംസ്ഥാനത്ത് മഴയും വെള്ളക്കെട്ടും രൂക്ഷം; അടിയന്തര സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ?
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുണമെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വയ്ക്കുകയും ചെയ്യുക.
വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – red alert in different districts of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here