സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് സുപ്രിംകോടതി സ്റ്റേയില്ല

sushant singh rajput

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് സുപ്രിംകോടതി സ്റ്റേയില്ല. അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം കൈമാറാന്‍ മുംബൈ പൊലീസിന് നിര്‍ദേശം നല്‍കി. സിബിഐ അന്വേഷമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിലെ യഥാര്‍ത്ഥ സത്യം പുറത്തു വരേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് നിരീക്ഷിച്ചു. മികച്ച കലാകാരനായ സുശാന്ത്, അസാധാരണ സാഹചര്യത്തിലാണ് മരിച്ചത്. ക്രിമിനല്‍ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുംബൈ പൊലീസ് തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്നുവെന്ന് സുശാന്തിന്റെ കുടുംബം സംശയിക്കുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് ആരോപിച്ചു.

സുശാന്തിന്റെ അച്ഛന്‍ മുംബൈയില്‍ പരാതി നല്‍കിയില്ലെന്നും, ബിഹാര്‍ പൊലീസിന്റെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കി. മുംബൈ പൊലീസിനാണ് അന്വേഷണത്തിനുള്ള അധികാരം. പട്‌നയില്‍ അല്ല മരണം സംഭവിച്ചത്. അതിനാല്‍ പട്‌ന പൊലീസിന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റീന്‍ ചെയ്ത നടപടി നല്ല സന്ദേശം നല്‍കുന്നതല്ലെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു.

പൂര്‍ണമായും പ്രഫഷണല്‍ സമീപനത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പട്‌നയിലെ എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ ബിഹാര്‍ സര്‍ക്കാരും സുശാന്തിന്റെ കുടുംബവും നിലപാട് അറിയിക്കാനും നിര്‍ദേശം നല്‍കി.

Story Highlights Sushant Singh Rajput’s death, Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top