സമ്പര്‍ക്കത്തിലൂടെ കൊവിഡ്; രോഗവ്യാപന നിരക്കില്‍ കുറവില്ലാതെ കാസര്‍ഗോഡ്

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗവ്യാപന നിരക്കില്‍ കുറവില്ലാതെ കാസര്‍ഗോഡ് ജില്ല. ജില്ലയിലെ എല്ലാ തീരമേഖലകളും കൊവിഡ് വ്യാപന ഭീതിയിലാണ്. ഇന്ന് 153 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരുടെ എണ്ണം 139 ആണ്. ഇതില്‍ നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കാസര്‍ഗോഡ് നഗരസഭ, പള്ളിക്കര, ഉദുമ, തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ ഏറെയും. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴു ആരോഗ്യപ്രവര്‍ത്തകരില്‍ രണ്ടു പേര്‍ ആശ വര്‍ക്കര്‍മാരാണ്. ഒരാള്‍ കണ്ണൂര്‍ പരിയാരത്ത് പിഎച്ച്‌സിയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും മറ്റുള്ള മൂന്നുപേര്‍ സ്വകാര്യ മേഖലയിലുള്ള ആരോഗ്യപ്രവര്‍ത്തകരുമാണ്.
അതേസമയം, രോഗവ്യാപനം രൂക്ഷമായ നെല്ലിക്കുന്ന് കസബ കടപ്പുറത്ത് അഞ്ചു ദിവസത്തിനിടെ 106 പേരാണ് രോഗബാധിതരായത്. 268 പേരെ ഈ മേഖലയില്‍ ഇതിനോടകം പരിശോധിച്ചു. കീഴൂരിലും പള്ളിക്കരയിലും നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കീഴൂരില്‍ 37 ഉം പള്ളിക്കരയില്‍ 30 പോസറ്റീവ് കേസുകളാണ് കണ്ടെത്തിയത്. രണ്ടു തീരവും കോട്ടിക്കുളം ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നീലേശ്വരം, ചെറുവത്തൂര്‍ തീരങ്ങളിലും പരിശോധനകള്‍ ആരംഭിക്കും.
Story Highlights – covid 19, coronavirus, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here