കൊവിഡ് കാലത്ത് വരുമാനമില്ലാതായി; ഗാന മേള ബുക്കിംഗ് ഓഫീസ് ഇപ്പോൾ ബാർബർ ഷോപ്പ്

ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിലെത്തിയ ആൾ..അങ്ങനെ പറഞ്ഞ് പറഞ്ഞ് കളി കാര്യമായി, ഹോട്ടലല്ല പകരം ഗാനമേള ബുക്കിംഗ് ഓഫീസാണെന്ന് മാത്രം.. രണ്ട് പതിറ്റാണ്ടിൽ അധികമായി വയനാട് മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ഗാനമേള ബുക്കിംഗ് ഓഫീസായ ശ്രീരാഗം മ്യൂസിക്ക്‌സ് ഇപ്പോൾ ഒരു ജെന്റ്‌സ് ബ്യൂട്ടി പാർലറാണ്. വരുമാനമില്ലാതെ ആറ് മാസക്കാലത്തോളം തളളി നീക്കേണ്ടി വന്നപ്പോഴാണ് ഗാനമേള വേദികളിലെ തമിഴ് ഗായകനായിരുന്ന മീനങ്ങാടി സ്വദേശി സാബുവിന് കത്രിക കയ്യിലെടുക്കേണ്ടി വന്നത്.
രണ്ട് പതിറ്റാണ്ടോളമായി ഗാനമേള വേദികളിൽ സജീവമായിരുന്നു സാബു. പരിപാടിയുടെ ബുക്കിംഗ് ഓഫീസ് ഇടക്ക് കുറച്ച് നാൾ അടച്ചിടേണ്ടി വന്നു. സീസണിൽ തുറക്കാമെന്ന് കരുതിയപ്പോഴേക്കും കൊവിഡ് കാലമെത്തി. അടുത്തൊന്നും ഒരു വേദി കിട്ടാൻ സാധ്യതയില്ലെന്ന് ഉറപ്പായതോടെ സുഹൃത്ത് ആലിക്കയുടെ നിർദേശപ്രകാരം സാബു ബുക്കിംഗ് ഓഫീസ് ബാർബർ ഷോപ്പാക്കി മാറ്റി.
പാട്ടുമണമുളള പല ചർച്ചകൾക്കും കലാകാരന്മാരുടെ ഒത്തുചേരലിനും വേദിയായ ഗാനമേള ബുക്കിംഗ് ഓഫീസിൽ പക്ഷേ ഇപ്പോഴും പാട്ടുപെട്ടിയിൽ നിന്നുള്ള സംഗീതമുണ്ട്. ഇക്കാലത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയാണ് സാബുവിന് പങ്കുവയ്ക്കാനുള്ളത്. വേദികളിൽ തമിഴ് ഗാനങ്ങളിലൂടെ തകർത്താടിയിരുന്ന സാബുവിന് വേദികൾ നൽകിയിരുന്ന പ്രചോദനം തിരിച്ച് കിട്ടിയില്ലെങ്കിലും അതിജീവനകാലത്തെ ഈ പുതിയ തൊഴിൽ ഏറെ ആശ്വാസമാണ്.
Story Highlights – barber shop, covid,music