എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം: രണ്ടു വീടുകള്‍ തകര്‍ന്നു; നൂറോളം വീടുകളില്‍ വെള്ളം കയറി

എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു, നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രായമായവരെയും കുട്ടികളെയും താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൊവിഡിന് പിന്നാലെ തുടര്‍ച്ചയായ കടല്‍ക്ഷോഭം കൂടി ആയതോടെ തീരാദുരിതത്തിലാണ് ചെല്ലാനത്തുകാര്‍.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചെല്ലാനത്തെ ജനജീവിതം ദുരിതത്തിലായതിന് പിന്നാലെയാണ് ഇവിടുത്തെ വിവിധ പ്രദേശങ്ങളിലേക്ക് തുടര്‍ച്ചയായി കടല്‍ നാശം വിതച്ചത്. രണ്ടാഴ്ചക്ക് ശേഷം ഇന്നുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭം പ്രദേശത്തെ ഭീതിയിലാഴ്ത്തി.

ചെല്ലാനം ബസാര്‍, കണ്ടക്കടവ്, മറുവക്കാട്, കൊച്ചി സൗദി എന്നീ പ്രദേശങ്ങളിലാണ് കടല്‍കയറ്റം രൂക്ഷമായത്. ഇന്ന് രാവിലെ മുതല്‍ ഉണ്ടായ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ തകരുകയും നൂറോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. സൗദി മുണ്ടംവേലി സ്വദേശി ആന്റണിയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കടല്‍ഭിത്തി തകര്‍ത്തും കടല്‍വെള്ളം ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പ്രദേശവാസികളും ആശങ്കയിലായി. നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സന്ദര്‍ശിച്ചു.

പ്രായമായവരെയും അസുഖ ബാധിതരെയും കുട്ടികളെയുമെല്ലാം താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് ഭീതി നിലനില്‍ക്കെ തുടര്‍ച്ചയായുണ്ടാകുന്ന കടലാക്രമണം പ്രദേശത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Story Highlights ernakulam chellanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top