പോക്‌സോ കേസ് പ്രതി കടലിൽ ചാടിയ സംഭവം; പൊലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കാസർഗോഡ് കസബയിൽ പോക്‌സോ കേസ് പ്രതി കടലിൽ ചാടിയ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു.

കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ നേരത്തെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. നാർക്കോട്ടിക്ക് ഡിവൈഎസ് പി അസൈനാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള പ്രതി തെളിവെടുപ്പിനിടയിൽ കൈയാമവുമായി കടലിൽ ചാടിയത് സംബന്ധിച്ചാണ് അന്വേഷണം നടന്നത്.

അതേസമയം, ഇന്നലെ ഉഡുപ്പി കോട്ട കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഉടൻ നടത്തും. വസ്ത്രങ്ങൾ തിരിച്ചറിഞ്ഞാണ് മൃതദേഹം പ്രതിയായ മഹേഷിന്റേതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയായ മഹേഷിനെ കസബ കടപ്പുറത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കൈവിലങ്ങോടുകൂടി കടലിൽ ചാടുന്നത്. കൂട്ടുകാരും പൊലീസും നോക്കി നിൽക്കെയായിരുന്നു മഹേഷ് കടലിലേക്ക് ചാടിയത്. പുലിമുട്ടിൽ ഒളിപ്പിച്ച ഫോൺ കണ്ടെടുക്കുന്നതിനാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്.

യുവാവ് ചാടിയ സ്ഥലത്തും പരിസരത്തും സ്‌കൂബ സംഘത്തിലെ മുങ്ങൽ വിദഗ്ധർ അടക്കം ദിവസങ്ങളോളം മുങ്ങിത്തപ്പിയെങ്കിലും കണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽ തീരത്ത് നിന്ന് മഹേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകിയ നിലായിരുന്ന മൃതദേഹം വസ്ത്രം പരിശോധിച്ചതിലൂടെയാണ് തിരിച്ചറിഞ്ഞത്.

അതേസമയം, മഹേഷിനെ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ചട്ടങ്ങൾ ലംഘിച്ചാണ് വിലങ്ങ് വച്ചതെന്നും ആരോപിച്ച് പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

Story Highlights -POCSO case accused jumps into sea; Investigative report that police were involved in the fall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top