പാമ്പുപിടിക്കാൻ ഇനി പഠിച്ച് പാസാവണം; ലൈസൻസും വേണമെന്ന് വനം വകുപ്പ്

പാമ്പിനെ കണ്ടാൽ അപ്പോൾ തന്നെ വടിയെടുക്കാൻ വരട്ടെ. ഇനി പാമ്പിനെ പിടിക്കാൻ കുറച്ച് ക്വാളിഫിക്കേഷനൊക്കെ വേണ്ടി വരും. വനം വകുപ്പിന്റെ ലൈസൻസും വേണം.
വനം വകുപ്പ് പാമ്പുപിടുത്തിന് യോഗ്യത നിശ്ചയിച്ചിരിക്കുകയാണ്. ഇനി പാമ്പുപിടുത്ത ക്ലാസിൽ പങ്കെടുക്കാതെ പാമ്പിനെ തൊടാൻ പറ്റില്ല കേട്ടോ. സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പാമ്പിനെ പിടിക്കാൻ യോഗ്യതയുണ്ടാകൂ.
ഇനി യോഗ്യതയില്ലാത്ത ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനം വകുപ്പിന് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുക്കും. സംസ്ഥാനത്തെ എല്ലാ വനം ഡിവിഷനുകളിലും ഇത് സംബന്ധിച്ച് ക്ലാസുകൾ എടുക്കും. ഈ പദ്ധതിയുടെ നോഡൽ ഓഫീസർ കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആണ്.
Read Also : ഉത്ര കൊലപാതകം: പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും
ആദ്യം ക്ലാസുകൾ നൽകുക വനം വകുപ്പ് ഉദ്യോഗസ്ഥർക്കായിരിക്കും. ഡിഎഫ്ഒ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ തുടങ്ങിയവർക്ക് പരിശീലനം നൽകും. പിന്നീടായിരിക്കും സന്നദ്ധ സംഘടനാ പ്രവർത്തകർ, പാമ്പ് പിടിത്തത്തിൽ താത്പര്യമുള്ളവർ എന്നിവർക്ക് ക്ലാസ് നൽകുക. സിലബസിൽ പ്രാക്ടിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധതരം പാമ്പുകൾ, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകൽ എന്നിവ പഠനത്തിനുണ്ടാകും. ക്ലാസിന് ശേഷം പരീക്ഷയും ഉണ്ടാകും. നിശ്ചിത മാര്‍ക്കില്‍ പാസായാലേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.
കൊല്ലം ഉത്രാ വധ കേസിലെ പ്രതിയായ ഭർത്താവ് സൂരജ് അവരെ പാമ്പിനെ വിട്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കൂടാതെ പാമ്പുപിടുത്തത്തിന് ഇറങ്ങിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചതും ഈ തീരുമാനമെടുക്കാൻ കാരണമായി. നൂറിൽ അധികം പാമ്പ് ഇനങ്ങളെയാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. അതിൽ തന്നെ അഞ്ച് ഇനങ്ങളുടെ കടിയാണ് മരണത്തിന് കാരണമാകുക.
Story Highlights – snake bite, forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here