Advertisement

കനത്ത മഴ; മഹാരാഷ്ട്ര, ഗുജറാത്ത് ,കർണാടക സംസ്ഥാനങ്ങൾ ദുരിതത്തിൽ

August 7, 2020
Google News 1 minute Read

കനത്ത ദുരിതം വിതച്ച് മഹാരാഷ്ട്ര, ഗുജറാത്ത് ,കർണാടക സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ. കർണാടകയിലെ കുട്ക, ചിക്കമംഗലൂരു ജില്ലകളിൽ അതിതീവ്രമഴ തുടരുന്നു. സംസ്ഥാനത്തെ മിക്ക നദികളും അപകടരേഖയ്ക്കും മുകളിലാണ് ഒഴുകുന്നത്. ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കർണാടകയിലെ മിക്ക നദികളുടേയും ജലനിരപ്പ് ഉയർന്നു. കാവേരി, ഹേമാവതി, നേത്രാവതി, ഭീമ നദികൾ കരകവിഞ്ഞാണ് ഒഴുക്കുന്നത്. പ്രളയ സാധ്യത ഒഴിവാക്കാൻ ഉത്തര കന്നടയിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമായി. അതിതീവ്ര മഴ പെയ്യുന്ന മൈസൂരു, കുടക്, ഹസ്സൻ, ചിക്കമംഗലൂരു ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. ചിക്കമംഗലൂരു, മടിക്കേരി ജില്ലകളിൽ മണ്ണിടിച്ചിലുണ്ടായി. മിക്ക ജില്ലകളും റെഡ് അലർട്ടിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുംബൈയിൽ മഴയ്ക്ക് അൽപം ശമനം ഉണ്ടായിട്ടുണ്ട്. ലോക്കൽ, സബർബൻ ട്രെയിനുകളുടെ സർവീസുകളും പുനരാരംഭിച്ചു.

എന്നാൽ, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ തുടരുന്നു. കഴിഞ്ഞ ദിവസം മുംബൈ കൊളാബയിൽ 24 മണിക്കൂറിനിടെ 33 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക് പ്രകാരം 46 വർഷത്തിനുശേഷം ഒരു ദിവസമുണ്ടാകുന്ന ശക്തമായ മഴയാണ് ഇത്. ജനങ്ങളോട് വീടുകളിൽ തന്നെ ഇരിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനം ഇന്നും റെഡ് അലേർട്ടിലാണ് തുടരുന്നത്. വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Story Highlights -heavy rain, maharashtra, gujarath, karnataka





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here