സ്വർണക്കടത്ത് കേസ്: മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രി; ചോദ്യോത്തരങ്ങളുടെ പൂർണരൂപം വായിക്കാം

pinarayi vijayan criticises media

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തുടങ്ങിയവരുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് മുഖ്യമന്ത്രി കയർത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും തനിക്കെതിരെയും മാധ്യമങ്ങൾ സംശയമുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ കൊടുക്കുന്നു. എന്തും വിളിച്ച് പറയാമെന്നാണ് അവസ്ഥ. രാഷ്ട്രീയമായി എന്നെ തകർക്കാൻ വേണ്ടി ശ്രമിക്കുന്ന ശക്തികളോടൊപ്പം നിൽക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ചോദ്യോത്തരങ്ങളുടെ പൂർണരൂപം താഴെ:

സ്വപ്നക്ക് മുഖ്യമന്ത്രിയുമായിട്ടും പരിചയമുണ്ടെന്നാണ് പറയുന്നത്. അതേപ്പറ്റി?

മുഖ്യമന്ത്രി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. പലർക്കും പരിചയം ഉണ്ടാവില്ലേ? അതിനപ്പുറമുള്ള പരിചയം എന്താണ്? എന്താണ് നിങ്ങൾക്ക് വേണ്ടത്? നിങ്ങളെ പോലുള്ള ചില മാധ്യമപ്രവർത്തകർക്കും നിങ്ങളുടെ മാധ്യമ സ്ഥാപനങ്ങൾക്കും എന്താണ് വേണ്ടത്? കേരളത്തിന്റെ മുഖ്യമന്ത്രി സ്വർണം കടത്താൻ കൂട്ടുനിന്നു എന്നാണോ? അതിനു വേണ്ടി ശ്രമിച്ചു എന്നാണോ? അതിനാണോ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? അതെത്ര അധ്വാനിച്ചാലും ഒരു ഫലവും ഉണ്ടാവില്ല. അത് മനസ്സിലാക്കിക്കോ.

സിഎമ്മിന് അതിൽ പങ്കുണ്ടെന്നല്ല പറയുന്നത്. അങ്ങനെ ഒരു സംശയം വരുമ്പോ അതിൻ്റെ സത്യാവസ്ഥ പറയണ്ടേ? സിഎമ്മല്ലേ അത് പറയേണ്ടത്?

നിങ്ങൾ പറയുന്നതിൻ്റെ ഉദ്ദേശ്യം നാട്ടുകാർക്ക് നല്ലതുപോലെ മനസ്സിലായിട്ടുണ്ടല്ലോ. അത് നാട്ടുകാർക്ക് ഒരു സംശയവും ഇല്ലല്ലോ ഇക്കാര്യത്തിൽ. നിങ്ങളൊരു പ്രത്യേക രീതിയുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയല്ലേ? ഈ നാടിൻ്റെ പൊതുവായ ബോധം മാറ്റിമറിക്കാൻ പറ്റുമോ എന്നല്ലേ നിങ്ങൾ നോക്കുന്നത്? അതാണോ മാധ്യമധർമ്മം? നിങ്ങളൊരു പ്രത്യേക ഉപജാപക സംഘത്തിൻ്റെ വക്താക്കളായി മാറുകയല്ലേ? ആ ഉപജാപക സംഘത്തിൻ്റെ വക്താക്കളായാണോ മാറേണ്ടത്? എന്തടിസ്ഥാനത്തിലാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെക്കുറിച്ച് ഒരു സംശയമുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ നിങ്ങൾ കൊടുക്കുന്നത്? എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ? അതല്ലേ നോക്കേണ്ടത്? എന്തും വിളിച്ച് പറയാമെന്നുള്ള അവസ്ഥയല്ലേ? ഏത് നിന്ദ്യമായ രീതിയും സ്വീകരിക്കാമെന്നല്ലേ? അതിനാണോ കൂട്ടുനിൽക്കേണ്ടത്? അതാണ് ഞാൻ പറഞ്ഞത്. എനിക്ക് അതിലൊന്നും ഒരു തരത്തിലുള്ള ആശങ്കയില്ല. നാട്ടുകാർക്കും അറിയാം, ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ലെന്ന്. കൃത്യമായ അന്വേഷണം നടന്നിട്ട് ആ അന്വേഷണത്തിൻ്റെ ഭാഗമായി കാര്യങ്ങൾ വരട്ടെ.അതല്ലേ ശ്രദ്ധിക്കേണ്ടത്.

സിഎം, ഈ ഉദ്യോഗസ്ഥൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയല്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയല്ലേ? സ്വാഭാവികമായും അങ്ങനെ ഒരു സംശയം കൂടി വരില്ലേ? അത്തരം ഒരു സാഹചര്യത്തിൽ മാധ്യമങ്ങളിൽ നിന്ന് സ്വാഭാവികമായ ചോദ്യം ഉണ്ടാവില്ലേ?

ആ സ്വാഭാവികമായ ചോദ്യമാണോ ഉണ്ടായത് ഇവിടെ? ഇവിടെ സ്വാഭാവികമായ ചോദ്യമാണെങ്കിൽ ആ ഉദ്യോഗസ്ഥനിൽ ഒതുങ്ങി നിൽക്കുമല്ലോ. ആ ഉദ്യോഗസ്ഥനിൽ ഒതുങ്ങി നിന്നുകൊണ്ടാണോ വന്നത്? ഇന്നത്തെ നിങ്ങളുടെ തന്നെ പ്രധാനപ്പെട്ട ചില മാധ്യമങ്ങളുടെ തലക്കെട്ടുകൾ നോക്ക്. അതാണോ റിപ്പോർട്ടിൻ്റെ പൊരുൾ? എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? വേറെ പലർക്കും മറ്റുപല ഉദ്ദേശ്യവും കാണും. അതിനു കൂട്ടുനിന്ന് കൊടുക്കണോ നിങ്ങൾ? രാഷ്ട്രീയമായി എന്നെ തകർക്കാൻ വേണ്ടി ശ്രമിക്കുന്ന ശക്തികൾ ഉണ്ടാവും. ആ ശക്തികളുടെ കൂടെ നിന്ന് കൊടുക്കണോ? സാധാരണ നിലക്കുള്ള മാധ്യമധർമ്മം പാലിക്കണം. അതാണ് ഏറ്റവും പ്രധാനം. അത് നിങ്ങളെ ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങൾ എന്തെല്ലാം രീതികളാണ് സ്വീകരിക്കുന്നത്? ഇന്നൊരു മാധ്യമം ഉപ്പും വെള്ളവുമെടുത്ത് പോകുന്നത് കണ്ടല്ലോ. ആരാ ഉപ്പ് പേറിയത്? ആരാണ് വെള്ളം എടുത്തത്? ആരാണ് വെള്ളം കുടിക്കേണ്ടി വരിക? മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഭാഗമായി തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കേണ്ടി വരുമെന്നാണോ? അതാ ഞാൻ പറഞ്ഞത്, മനസ്സിൽ വെച്ചാ മതിയെന്ന്. അത് നിങ്ങൾ ആദ്യം കാണണം. എനിക്കങ്ങനെ യാതൊരു ആശങ്കയും ഇല്ല. ഏത് അന്വേഷണവും നടക്കട്ടെ. അതുകൊണ്ടാണ് ആദ്യമേ ഞാൻ പറഞ്ഞത് ഇത് ഗൗരവമായ കേസാണ്, ഗൗരവമായ രീതിയിൽ തന്നെ അന്വേഷിക്കണമെന്ന്. അത് തന്നെയാണ് എൻഐഎ കോടതിയിലും പറഞ്ഞത്. ഞാൻ പ്രധാനമന്ത്രിക്കയച്ച കത്ത്, ഇതിൻ്റെ തുടക്കം മുതൽ ഇതിൻ്റെ എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്ന് തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഇനി അധിക ദിവസമൊന്നും കഴിയേണ്ടി വരില്ല. എല്ലാ വിവരവും പുറത്തുവരും. സ്വാഭാവികമായും പുറത്തുവരും. ഞാൻ നേരത്തെ പറഞ്ഞൊരു വാചകം ഇപ്പോഴും ആവർത്തിക്കുകയാണ്. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നു എന്ന് അപ്പോൾ കാണാം. എനിക്കും എൻ്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല, ആ കാര്യത്തിൽ.

സിഎം, ഈ മാധ്യമങ്ങൾക്കെതിരെ പറയുമ്പോൾ സിഎം തന്നെയാണ് എൻഐഎ വിശ്വാസമുള്ള ഏജൻസിയാണെന്ന് പറഞ്ഞത്. അത് എൻഐഎ കോടതിയിൽ ഉപയോഗിക്കുകയും ചെയ്തു. ആ എൻഐഎയുടെ അഭിഭാഷകൻ തന്നെ പറഞ്ഞ കാര്യങ്ങളല്ലേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്?

ഞാൻ പറയുന്നത് നിങ്ങൾ കൊടുത്ത രീതിയാണ്. നിങ്ങൾ കൊടുത്ത രീതി എന്നെയും എൻ്റെ ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ്. അതാണോ ചെയ്യേണ്ടത്? കേരളം പോലൊരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ഈ സ്വർണക്കടത്തിനു കൂട്ടുനിൽക്കുന്ന ഒന്നാണ് എന്ന് വരുത്തലാണോ നിങ്ങളുടെ ആവശ്യം? അതാണ് ഞാൻ ചോദിക്കുന്നത്. അതാണോ മാധ്യമധർമ്മം? നിങ്ങൾക്ക് എല്ലാ കാലത്തും നിങ്ങളുടേതായ നിലപാടുകൾ ഉണ്ടാവും. എന്നെ പോലത്തെ ഒരാള്, അല്ലെങ്കിൽ ഞാൻ ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിൻ്റെ ആള് ഇവിടെ അത്തരം ഒരു ഗവണ്മെൻ്റ് വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പൂർവകാല ചരിത്രമൊക്കെ ഉണ്ടാവും. അതിൻ്റെ ഭാഗമായിട്ടാണോ പോകേണ്ടത്? കാലം മാറിയില്ലേ? വിവിധ ഘട്ടങ്ങളിൽ ഞങ്ങൾ ഇവിടെ വന്നില്ലേ? ഞ്ങ്ങൾ വന്നതിൻ്റെ ഭാഗമായിട്ട് കേരളത്തിന് ദോഷമാണോ സംഭവിച്ചത്? കേരളത്തിനുണ്ടായ നേട്ടങ്ങൾ എത്രയോ എണ്ണിയെണ്ണി പറയാൻ പറ്റില്ലേ? അതല്ലേ വസ്തുത? ഞാൻ പറയട്ടെ, ഞാൻ എൻ്റെ പത്രസമ്മേളനങ്ങൾ സാധാരണ കൊവിഡുമായി ബന്ധപ്പെട്ട് പറയുന്നതുകൊണ്ട് അതിലങ്ങ് ഒതുങ്ങി നിൽക്കാനാണ് ശ്രമിക്കാറ്. എന്തുകൊണ്ടാണത്? ഇത്തരം ആക്ഷേപങ്ങളൊക്കെ വരുമ്പോൾ അതിനു മറുപടി പറയുമ്പോൾ ഈ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന നമ്മുടെ നാട്ടിലെ ജനങ്ങളുണ്ട്. ആ ജനങ്ങളിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. ഇപ്പോ എന്നെ ആക്ഷേപിക്കാൻ, അല്ലെങ്കിൽ ഞങ്ങളെ ആക്ഷേപിക്കാൻ ഒരുങ്ങിപ്പുറപ്പെടുന്ന നേതൃത്വങ്ങളുടെ അണികളുമുണ്ട്. അപ്പോ അവർക്കൊന്നും വല്ലാത്തൊരു മനപ്രയാസം ഉണ്ടാക്കണ്ട എന്നതുകൊണ്ടാണ് ഞാൻ പല ആക്ഷേപങ്ങൾക്കും മറുപടി പറയാതെ പോയത്. നിങ്ങളിനി അതാണ് ആഗ്രഹിക്കുന്നതെങ്കിൽ പത്ര സമ്മേളനങ്ങളിൽ അതും ആകാം. ഒരു ഭാഗം ഇങ്ങനെ പോകാം നമുക്ക്. അതാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ. എനിക്ക് അതിനും മടിയൊന്നുമില്ല. നമ്മൾ തമ്മിൽ കുറേ കാലമായില്ലേ കാണുന്നു?

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ അന്വേഷണ പരിധിയിൽ വരുന്നുണ്ടല്ലോ. അപ്പോൾ അതിൽ ഉത്തരം പറയേണ്ട ബാധ്യത സിഎമ്മിന് ഇല്ലേ? സംശയത്തിൻ്റെ നിഴൽ വരാൻ പാടില്ലല്ലോ എന്ന് കരുതിയല്ലേ മാധ്യമങ്ങൾ ചോദിക്കുന്നത്?

നിങ്ങളുടെ ശുദ്ധാത്മാവ് കൊണ്ട് ചോദിക്കുന്നതാണെന്നാണല്ലോ നിങ്ങൾ പറയുന്നത്. അതെല്ലാവരും വിലയിരുത്തുന്നുണ്ട്, നിങ്ങളെപ്പറ്റി. നിങ്ങൾ അത്രയും പരിശുദ്ധാത്മാക്കളാണ് എന്ന് തന്നെയാണല്ലോ എല്ലാവരും കാണുന്നത്. പക്ഷേ, ഇവിടെ നിങ്ങൾ കണേണ്ടത്, ഇവിടെ ഉയർന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വ്യക്തമായ നിലപാട് ഞാനെടുത്തിട്ടുണ്ട്, ഗവണ്മെൻ്റ് എടുത്തിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് അദ്ദേഹം സസ്പെൻഷനിൽ അടക്കം കഴിയുന്നത്. ഇതൊക്കെ നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. അപ്പോൾ അതുകൊണ്ട് നിങ്ങൾ തൃപ്തരല്ല. അതാണ് പ്രശ്നം. നിങ്ങൾ തൃപ്തരാകാത്തത് നിങ്ങൾക്ക് തൃപ്തി വരാത്തതു കൊണ്ടല്ല. നിങ്ങളെ ഈ വഴിക്ക് പറഞ്ഞുവിടുന്നവർക്ക് തൃപ്തി വന്നിട്ടില്ല. ആ തൃപ്തി വരണമെങ്കിൽ എന്തുവേണം? ഈ കസേരയിൽ നിന്ന് ഞാനങ്ങ് ഒഴിഞ്ഞുകിട്ടണം. അത് നിങ്ങളുടെ ആഗ്രഹം കൊണ്ട് നടക്കില്ല. നാട്ടിലെ ജനങ്ങൾ തീരുമാനിച്ചാലേ അത് നടക്കൂ. അത് നിങ്ങൾ മനസ്സിലാക്കണം.

Story Highlights pinarayi vijayan criticises media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top