മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് മന്ത്രി എം എം മണി; ഇടുക്കി ഡാം തുറക്കേണ്ട സമയമായാൽ തുറക്കും

ഇടുക്കി ഡാം തുറക്കേണ്ട സമയമായാൽ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. മഴ കനത്തതോടെ ചെറിയ ഡാമുകൾ തുറന്നു. ഇടുക്കി ഡാമിൽ വെള്ളം പെരുകുകയാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തമിഴ്‌നാടാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യം സംസ്ഥാന സർക്കാർ തമിഴ്‌നാടിനെ അറിയിക്കും. 131 അടിയിൽ കൂടുതൽ വെള്ളമാണ് ഇപ്പോൾ മുല്ലപ്പെരിയാറിലുള്ളത്. സുപ്രിംകോടതി ഉത്തരവ് പ്രകാരം ഡാമിൽ വെള്ളത്തിന്റെ നിരപ്പ് 142 അടിയായാൽ, തമിഴ്‌നാടിന് ഷട്ടർ തുറന്ന് വിടാം. ഇടമലയാർ ഡാം, ഇടുക്കി ഡാം എന്നിവയുടെ കാര്യത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക.

പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ ദുഃഖവും വേദനയുമുണ്ടെന്നും മന്ത്രി. 50ൽ അധികം ആളുകളുടെ മൃതദേഹം കിട്ടാനുണ്ടെന്നും മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സങ്കീർണ സാഹചര്യമാണ് ഇപ്പോഴുള്ളത്. വീണ്ടും മഴ കനക്കുകയാണ്. അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് ആദ്യ മുന്നറിയിപ്പ് എത്തിയിരുന്നു. ഡാമിലെ ജല നിരപ്പ് 134 അടിയായതോട് കൂടിയാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്.

അതേസമയം മൂന്നാൽ പെട്ടിമുടിയിൽ കെട്ടിടത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ഉള്ള തെരച്ചിൽ ആരംഭിച്ചു. 50ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. 17 മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. എൻഡിആർഎഫിന്റെ കൂടുതൽ സംഘങ്ങൾ എത്തുന്നതോടെ വിപുലമായ തെരച്ചിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top