അനന്തപദ്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളി

ananthapadmanabhan icc elite panel

മുൻ കേരളാ താരവും അമ്പയറുമായ കെഎൻ അനന്തപദ്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇനി അദ്ദേഹത്തിന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും നിയന്ത്രിക്കാനാവും. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളി അമ്പയറാണ് അനന്തപദ്മനാഭൻ.

ജോസ് കുരിശിങ്കൽ, ഡോ. കെ എൻ രാഘവൻ, എസ് ദണ്ഡപാണി എന്നിവരൊക്കെ മുൻപ് കേരളത്തിൽ നിന്ന് രാജ്യാന്തര പാനലിൽ എത്തിയ അമ്പയർമാരാണ്. തിരുവനന്തപുരം സ്വദേശിയായ അനന്തപദ്മനാഭൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. 2005 വരെ സജീവ ക്രിക്കറ്റിൽ തുടർന്ന അദ്ദേഹം മികച്ച ലെഗ് ബ്രേക്ക് ബൗളർ ആയിരുന്നു. അനിൽ കുംബ്ലെയുടെ സാന്നിധ്യം കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ദേശീയ ടീമിൽ ഇടം നേടാൻ കഴിയാതെ പോയത്.

Read Also : ഇത്തവണ ഐപിഎലിനൊപ്പം വിവോ ഇല്ല; ഔദ്യോഗിക സ്ഥിരീകരണമായി

2008 മുതലാണ് അദ്ദേഹം അമ്പയറിംഗ് ആരംഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി ട്രോഫി ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സൗരാഷ്ട്ര-ബംഗാൾ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ രണ്ടറ്റത്തു നിന്നും മത്സരം നിയന്ത്രിച്ച് അദ്ദേഹം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന സി ശംസുദ്ദീൻ പരുക്കേറ്റ് പുറത്താവുകയും പകരം ആളെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.

Story Highlights umpire ananthapadmanabhan in icc elite panel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top