ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ; പുടിന്റെ പേജിൽ മലയാളികളുടെ നന്ദി പ്രകാശനം

ലോകത്തിലെ ആദ്യ കൊവിഡ് 19 പുറത്തിറക്കിയെന്ന റഷ്യൽ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് ലോകം സ്വീകരിച്ചത്. വാക്സിനെപ്പറ്റി ഇനിയും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും ലോകം പ്രതീക്ഷയിലാണ്. മാസങ്ങളായി തുടരുന്ന കൊവിഡ് നിയന്ത്രണങ്ങൾ എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് ആളുകൾ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പുടിൻ്റെ ഫേസ്ബുക്ക് പേജിലേക്ക് മലയാളികളുടെ ഒഴുക്കാണ്. കൊവിഡ് വാക്സിനെപ്പറ്റിയുള്ള പോസ്റ്റിൻ്റെ കമൻ്റ് ബോക്സിലാണ് മലയാളികൾ പുടിന് നന്ദി അർപ്പിക്കുന്നത്.
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. തൻ്റെ മകളിൽ വാക്സിൻ പരിശോധിച്ചു എന്ന് പുടിൻ വെളിപ്പെടുത്തിയിരുന്നു. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്‌സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാർശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.
Read Also : ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ
എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം അതിസങ്കീർണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളിൽ റഷ്യൻ വാക്‌സിൻ ഇടംനേടിയിട്ടില്ല. ഈ ആറ് വാക്‌സിനുകളിൽ മൂന്നെണ്ണം ചൈനയിൽ നിന്നും, ഒരെണ്ണം ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവർ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷർ എന്നിവർ സംയുക്തമായി വികസിപ്പിച്ചതുമാണ്. അതുകൊണ്ട് തന്നെ റഷ്യൻ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
Story Highlights – malayalis thank putin over covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here