വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മരണം; ഉദ്യോഗസ്ഥതല വീഴ്ചയെന്ന് റിപ്പോർട്ട്

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ കസ്റ്റഡയിലെടുത്തു. കസ്റ്റഡിയിലുള്ള ആളിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് സർക്കാരിന് കൈമാറി.

മത്തായിയുടെ മരണത്തെക്കുറിച്ച് സതേൺ സർക്കിൾ ചീഫ് ഫേറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷണം. മത്തായിയെ കസ്റ്റഡിയിലെടുത്തതും തുടർ നടപടികളും മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായി. ഇതിനുശേഷം ഫോറസ്റ്റ് ഓഫീസിൽ കൊണ്ടുപോകാതെ തെളിവെടുപ്പിനു കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയില്ല. കസ്റ്റഡിയിലെടുത്തയാളിനു സംരക്ഷണം നൽകാനോ ആളിന്റെ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. വൈദ്യപരിശോധന പോലും നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മത്തായിയുടെ വീട്ടുകാരുടെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്. റിപ്പോർട്ട് വനംമന്ത്രി കെ.രാജുവിന് സമർപ്പിച്ചു. മത്തായിയുടെ വീട്ടുകാർ, ബന്ധുക്കൾ, ജീവനക്കാർ, റാന്നി ഡിഎഫ്ഒ എന്നിവരിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം.

Story Highlights – Mathai dies in Forest Department custody; Reported official fall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top