കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ; പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ മകള്‍ക്ക് മരുന്ന് കുത്തിവച്ചു

ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ ആദ്യ കുത്തിവയ്പ് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സീന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കെയാണ് പുടിന്റെ പ്രഖ്യാപനം.
കൊറോണ വൈറസിനെതിരെ വാക്‌സിന്‍ പ്രതിരോധശേഷി നല്‍കുമെന്ന് തെളിയിക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുടിന്‍ നന്ദി അറിയിച്ചു. ഉടന്‍ തന്നെ വാക്‌സിന്‍ കൂടുതലായി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Read Also : റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ [24 Explainer]
ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന്‍ വിധേയമായിട്ടുണ്ട്. വാക്സിന്റെ രജിസ്ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് മൂന്നിന് നടന്നിരുന്നു. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ ഫേസ് ത്രി പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്സിനുകളില്‍ റഷ്യന്‍ വാക്സിന്‍ ഇടംനേടിയിട്ടില്ല. ഈ ആറ് വാക്സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്.
അതുകൊണ്ട് തന്നെ റഷ്യന്‍ ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ക്ലിനിക്കല്‍ പരീക്ഷണം എന്നത് നിര്‍ബന്ധമാണെന്നും, എന്തുകൊണ്ടാണ് റഷ്യ മാത്രം ഇതിന് തയാറാകാത്തതെന്നും അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ഓര്‍ഗനൈസേഷന്‍ ചോദിക്കുന്നു. ഇത് സംബന്ധിച്ച് സംഘടന റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോയ്ക്ക് കത്തെഴുതിയിട്ടുണ്ട്.
Story Highlights – Russia approves first coronavirus vaccine, Putin says his daughter received dose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here