ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മണ്ണിടിച്ചിലുണ്ടായ മൂന്നാറിലെ പെട്ടിമുടി സന്ദര്‍ശിക്കും. നാളെ രാവിലെ ഒന്‍പതുമണിക്കാണ് ഇവര്‍ പെട്ടിമുടിയിലേക്ക് പുറപ്പെടുക. ഹെലികോപ്റ്ററില്‍ മൂന്നാറില്‍ എത്തിയശേഷം അവിടെനിന്ന് റോഡ്മാര്‍ഗം പെട്ടിമുടിയിലേക്ക് പോകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കരിപ്പൂര്‍ വിമാനദുരന്തം നടന്നതിന്റെ പിറ്റേന്ന് തന്നെ മുഖ്യമന്ത്രിയും ഗവര്‍ണറും ഇവിടെ എത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരട്ടനീതിയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാലാണ് പെട്ടിമുടിയിലേക്ക് പോകാനാവാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിഷയത്തിലുള്ള ആദ്യ പ്രതികരണം. അതേസമയം, പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്നു രാവിലെ മുതല്‍ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.
57 പേരടങ്ങുന്ന രണ്ട് എന്‍ഡിആര്‍എഫ് ടീമും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും ആറ് അംഗങ്ങളും 24 വൊളന്റിയര്‍മാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പൊലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ സേനയുടെ 100 അംഗങ്ങളും, സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, വാര്‍ത്താ വിനിമയ വിഭാഗത്തിന്റെ ഒന്‍പത് അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights – Governor and the Chief Minister will visit Pettimudi tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here