ഹരിഹരവർമ കൊലക്കേസ്; നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു

തിരുവനന്തപുരം ഹരിഹരവർമ കൊലക്കേസിൽ നാലു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാംപ്രതി ജോസഫിനെ വെറുതെവിട്ടു. 2014ലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്.

സംസ്ഥാനത്ത് ഏറേ കോളിളക്കം സൃഷ്ടിച്ച ഹരിഹരവർമ കൊലക്കേസിൽ 2014ലാണ് അഞ്ച് പ്രതികൾക്കും തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ കൂർഗ് സ്വദേശി ജോസഫ് ഒഴികെയുള്ള മറ്റു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. തലശേരി സ്വദേശികളായ എം ജിതേഷ്, രഖിൽ, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. എന്നാൽ കൂർഗ് സ്വദേശി ജോസഫിനെ തെളിവ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാൽ കേസിലെ ആറാം പ്രതി അഡ്വക്കേറ്റ് ഹരിദാസിനെ തെളിവുകളുടെ അഭാവത്തിൽ കീഴ്‌ക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

2012ലാണ് രത്ന വ്യാപാരിയായ ഹരിഹരവർമ, തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ മകളുടെ വീട്ടിൽവച്ച് കൊല്ലപ്പെടുന്നത്. രത്നങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ ഇടപാട് സംബന്ധിച്ച സംസാരത്തിനിടെ ഹരിഹര വർമയെ ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. ഹരിദാസ് കൊലപാതകത്തിന് കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദമെങ്കിലും ഇതിന് തെളിവ് ഹാജരാക്കാനായില്ല. തുടർന്നാണ് അദ്ദേഹത്തെ അന്ന് കോടതി വെറുതെ വിട്ടത്. ഹരിദാസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹരിഹരവർമയുടെ ബന്ധുക്കൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി.

Story Highlights hariharavarma murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top