മത്തായിയുടെ മരണം : മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിനു നിയമോപദേശം കിട്ടി. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനിൽക്കും. വനം വകുപ്പ് ജീവനക്കാരെയും പ്രതി ചേർക്കും. പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.
മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് നേരത്തെ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡയിലെടുത്തതെന്ന് റിപ്പോർട്ടിലുണ്ട്. കസ്റ്റഡിയിലുള്ള ആളിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മത്തായിയുടെ മരണത്തെക്കുറിച്ച് സതേൺ സർക്കിൾ ചീഫ് ഫേറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷണം. മത്തായിയെ കസ്റ്റഡിയിലെടുത്തതും തുടർ നടപടികളും മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായി. ഇതിനുശേഷം ഫോറസ്റ്റ് ഓഫീസിൽ കൊണ്ടുപോകാതെ തെളിവെടുപ്പിനു കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയില്ല. കസ്റ്റഡിയിലെടുത്തയാളിനു സംരക്ഷണം നൽകാനോ ആളിന്റെ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. വൈദ്യപരിശോധന പോലും നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights – mathai forest officer death case on unintentional murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here