ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍

കാസര്‍ഗോഡ് ബളാല്‍ അരിങ്കല്ലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് സഹോദരന്റെ മൊഴി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി
കുറ്റംസമ്മതിച്ചു. ആല്‍ബിന്‍ കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയായ ആല്‍ബിന്‍ ബെന്നിയെ നാളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി-ബെസി ദമ്പതികളുടെ മകള്‍ ആന്‍മരിയ മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരിച്ചെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ മരണശേഷം നടത്തിയ പരിശോധയില്‍ ശരീരത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. ഇതിനു പിന്നാലെ പിതാവ് ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കുട്ടിയുടെ മരണത്തില്‍ സംശയം ജനിച്ചത്.
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ചത് മൂത്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതി ശ്രമിച്ചത്. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റംസമ്മതിച്ചു. സ്വത്തായ 4 ഏക്കര്‍ കൃഷിയിടം സ്വന്തമാക്കി നാടുവിടാനായിരുന്നു പദ്ധതി. തന്റെ ജീവിത രീതിയോട് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചു. സംഭവത്തിന് ഒരാഴ്ച മുന്‍പ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയില്‍ എലിവിഷം കലര്‍ത്തിയെങ്കിലും വിഷാംശം കുറവായതിനാല്‍ ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ മാസം 29 ന് വീണ്ടും എലിവിഷം വാങ്ങി. പിറ്റേ ദിവസമാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്.
ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നി ഗുരുതരാവസ്ഥയില്‍ പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ട അമ്മ ബെസി ബന്ധുവീട്ടിലാണുള്ളത്. കാഞ്ഞങ്ങാട് ഡിവൈ. എസ്പി എംപി വിനോദ് കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രോംസദനന്‍, എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights – Sixteen-year-old girl murder; reason steal property
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here