ശ്രീചിത്ര ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേറ്റു. പുനർ നിയമനം സ്റ്റേ ചെയ്ത സിഎടി നടപടി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ആശാ കിഷോർ ശ്രീ ചിത്രയുടെ തലപ്പത്ത് തിരിച്ചെത്തിയത്.

ശ്രീചിത്രയുടെ തലപ്പത്ത് നിന്ന് പുറത്തുചാടിക്കാൻ ശ്രമിച്ച വിരലിലെണ്ണാവുന്നവരെ നിരാശരാക്കി ഡോ. ആശാ കിഷോർ ചുമതലയിൽ തിരിച്ചെത്തി. ആശാ കിഷോറിന്റെ പുനർ നിയമനം സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കേസ് വേഗത്തിൽ തീർപ്പാക്കാൻ നിർദേശിച്ച് സിഎടിയുടെ പരിഗണനയ്ക്ക് തന്നെ അയക്കുകയും ചെയ്തു. സിഎടി സ്റ്റേയെ തുടർന്ന് അവധിയിൽ പോയ ഡോ. ആശാ കിഷോർ അവധി റദ്ദാക്കിയാണ് തിരികെ ചുമതലയിൽ പ്രവേശിച്ചത്. ആശാ കിഷോറിന്റെ പുനർ നിയമനത്തിന് നിയമനം സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്നായിരുന്നു എതിർപ്പുന്നയിച്ചവരുടെ പ്രധാന വാദം.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമാവലി പ്രകാരം നിയമനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ അനുമതി മതിയാകും. കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം നിരവധി ഗവേഷണങ്ങൾക്ക് പേറ്റന്റ് കാത്തിരിക്കുന്നതിനിടെയാണ് ശ്രീചിത്രയിൽ രാഷ്ട്രീയക്കളിയുമായി ചിലരെത്തിയത്. സാധാരണ മികച്ച ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനമെന്ന പരിഗണന പോലും നൽകാതെയാണ് ഇക്കൂട്ടർ കസേരകളിക്കൊരുങ്ങിയത്. മികച്ച ശാസ്ത്രജ്ഞരും മികവുറ്റ ഡോക്ടർമാരും അടക്കമുള്ള ശ്രീ ചിത്രയിലെ ബഹു ഭൂരിപക്ഷത്തിനും സ്ഥാപനത്തെ പുറത്തു നിന്നുള്ളവരുടെ താവളമാക്കുന്നതിനോട് വിയോജിപ്പുമാണ്. ആശാ കിഷോറിന് വിരമിക്കുന്ന 2025 ഫെബ്രുവരി 28 വരെ ശ്രീ ചിത്രയുടെ തലപ്പത്ത് തുടരാം.

Story Highlights Dr.Asha kishore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top