ക്യാപ്റ്റന്‍ കൂള്‍ ; ഇന്ത്യയെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച ക്യാപ്റ്റന്‍

നീണ്ട പതിനാറ് വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് ഇന്ത്യയുടെ സ്വന്തം ക്യാപ്റ്റന്‍ കൂള്‍ പടിയിറങ്ങി. മാഹി ഇല്ലാതെ നീലപട 2019 ലോകകപ്പ് സെമി ഫൈനലിന് ശേഷം ക്രീസിലുണ്ടെങ്കിലും ഇന്ത്യന്‍ വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ സ്വന്തമാക്കിയ ക്യാപ്റ്റന്‍, വിശേഷണങ്ങള്‍ അസാധ്യമായ അതുല്യപ്രതിഭയായിരുന്നു.
2004 ഡിസംബര്‍ 23 ന് ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ ആദ്യ രാജ്യാന്തരമത്സരം. അരങ്ങേറ്റ മത്സരത്തില്‍ ധോണിയെ ഭാഗ്യം തുണച്ചില്ല. കരിയറിലെ ആദ്യമത്സരത്തില്‍ ആദ്യ പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു ധോണി. ദൗര്‍ഭാഗ്യകരമായ ആ തുടക്കത്തില്‍ ധോണി തളര്‍ന്നില്ല.
ആദ്യമത്സരത്തില്‍ ഓടി പരാജിതനായ ധോണി പിന്നീട് കീഴടക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനങ്ങളായിരുന്നു. കളിക്കളത്തില്‍ എപ്പോഴും ശാന്തനായിരുന്നു ധോണി. വിക്കറ്റിന് പിറകില്‍ നിന്നു കൊണ്ട് ടീമിനെ മുന്നോട്ട് നയിക്കുന്ന ധോണിയെ ഒരിക്കലും കുപിതനായി കണ്ടിട്ടില്ല. ബൗളിംഗിലും ബാറ്റിംഗിലും ഫില്‍ഡിംഗിലും സഹകളിക്കാരെ ഇത്രമേല്‍ സ്വാധീനിച്ച ഒരു ക്യാപ്റ്റന്‍ വിരളമായിരിക്കും. കഴിവുകള്‍ക്ക് അനുസരിച്ച് ടീമിനെ ഒന്നടങ്കം ഉയര്‍ത്തിയെടുത്താണ് ധോണി ഇന്ത്യയെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചത്.
പ്രഥമ ട്വന്റി20 ലോകകപ്പ് കിരീടം, 2011 ഏകദിന ലോകകപ്പ് കിരീടം, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങളും സ്വന്തമാക്കിയ ആദ്യ ക്യാപ്റ്റനായിരുന്നു ധോണി.
2011 ല്‍ ശ്രീലങ്കക്കെതിരെ ലോകകപ്പ് ഫൈനലില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ കരിയറിന് പൂര്‍ണത നല്കിയ സിക്സര്‍ പിറന്നതും ധോണിയുടെ ബാറ്റില്‍ നിന്നായിരുന്നു. അന്ന് ഇന്ത്യ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തിയത് ധോണിയുടെ അത്യുഗ്രന്‍ ഇന്നിംഗിസിന്റെ ചിറകിലേറിയായിരുന്നു. 90 ടെസ്റ്റുകള്‍, 350 ഏകദിനങ്ങള്‍, 98 ടി20കള്‍ ഇങ്ങനെ പോകുന്നു ധോണിയുടെ രാജ്യാന്തര മത്സരത്തിന്റെ കണക്കുകള്‍. ടെസ്റ്റില്‍ 4876റണ്‍സും ഏകദിനത്തില്‍ 10773 റണ്‍സും ടി20യില്‍ 1617 റണ്‍സും നേടിയിട്ടുണ്ട് 2019 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ ടീം തോറ്റ് മടങ്ങിയതിന് ശേഷം ധോണിയും സ്ക്വാഡില്‍ മടങ്ങിയെത്തിയിട്ടില്ല. നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി, അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും ക്യാപ്റ്റന്‍ കൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
Story Highlights – CAPTAIN COOL MS DHONI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here