കർണാടക ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ മലയാളി പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടോ? പ്രചരിക്കുന്നതിന് പിന്നിൽ [24 Fact Check]

കർണാടക ചാമരാജ് നഗർ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടുവെന്ന രീതിയിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചാമരാജ് നഗറിലെ മലയാളി എസ്.പി ദിവ്യാ സാറ തോമസിനെതിരായാണ് പ്രചാരണം.
ക്ഷേത്രത്തിനകത്ത് എസ്.പി നിൽക്കുന്നതിന്റെയും യേശുവിന്റെ ചിത്രം പൂജാരി ശ്രീകോവിലിൽ വച്ചതിന്റെയും ചിത്രങ്ങളാണ് വൈറലായത്. എസ്.പി ദിവ്യ സാറ തോമസ് വീരാഞ്ജനേയ ക്ഷേത്രം സന്ദർശിച്ചെന്നും ശ്രീകോവിലിൽ യേശുവിന്റെ ചിത്രംവച്ച് പൂജയർപ്പിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് നിഷാന്ത് ആസാദ് എന്നയാൾ ട്വീറ്റ ചെയ്തത്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ സീനിയർ കറസ്പോണ്ടന്റ് എന്നാണ് ഇയാൾ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി കർണാടക പൊലീസ് രംഗത്തെത്തി.
എസ്.പി ദിവ്യ സാറ തോമസ് ഒരു ചിത്രവും ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും എസ്.പിയെ സ്വീകരിക്കാൻ ക്ഷേത്രത്തിൽ നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ നുണപ്രചാരണത്തിനായി ചിലർ ഉപയോഗിക്കുകയായിരുന്നെന്നും പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു. സംഭവത്തിന്റെ വസ്തതുത വെളിപ്പെടുത്തി ക്ഷേത്രത്തിന്റെ പൂജാരി രാഘവൻ ലച്ചു നൽകിയ വിഡിയോ സന്ദേശവും കർണാടക പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവച്ചു.
ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനായി പൂജ നടന്ന ദിവസം വീരാഞ്ജനേയ ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തിയിരുന്നുവെന്നും അന്നേദിവസം കൊല്ലഗലിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എസ്.പിയെ ജനങ്ങൾ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഥികൾക്ക് ഹിന്ദുദൈവങ്ങളുടെ പ്രതിമകൾ പൂജിച്ച് സമ്മാനമായി നൽകുന്നത് ക്ഷേത്രത്തിലെ പതിവാണെന്നും എസ്.പി ക്രിസ്ത്യൻ വിശ്വാസിയായതിനാൽ ആരോ യേശുവിന്റെ ചിത്രം കൊണ്ടുവന്നു നൽകുകയായിരുന്നുവെന്നും പൂജാരി പറഞ്ഞു. യേശുവിന്റെ ചിത്രം മറ്റൊരു ഭക്തനാണ് കൊണ്ടുവന്നതെന്ന് പൊലീസും വ്യക്തമാക്കി.
Story Highlights – Karnataka police, Fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here