വിജിലൻസ് അന്വേഷണം തള്ളിയത് അഴിമതി മറച്ചുവയ്ക്കാൻ; പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ തളളിയതിന് പിന്നാലെയാണ് പുതിയ നീക്കം. അഴിമതി മറച്ചുവയ്ക്കാനാണ് വിജിലൻസ് അന്വേഷണാവശ്യം സർക്കാർ തളളിയതെന്നും ചെന്നിത്തല ആരോപിച്ചു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പാ ത്രിവേണിയിലെ മണൽക്കടത്ത് നീക്കമെന്ന നിലപാടിലാണ് പ്രതിപക്ഷം. മണൽ നീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണ്. വിഷയം വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകിയത്. ഈ ആവശ്യം കഴിഞ്ഞദിവസം സർക്കാർ തളളിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുളള പ്രതിപക്ഷ തീരുമാനം. സംസ്ഥാന സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ ഉൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്തു നൽകിയിരിക്കുകയാണ് രമേശ് ചെന്നിത്തല. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഈ വിഷയത്തിലും കോടതിയെ സമീപിക്കാൻ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.

Story Highlights Ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top