വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ലെന്ന് സുപ്രിംകോടതി

കൊവിഡ് സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി. നയപരമായ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. കൊവിഡ് സമയത്തും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് പതിനൊന്ന് സംസ്ഥാനങ്ങളിലെ പതിനൊന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം സെപ്റ്റംബറിൽ തന്നെ നടക്കട്ടെയെന്ന നിലപാട് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വീകരിക്കുകയായിരുന്നു. കൊവിഡ് സമയത്തും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. പരീക്ഷ മാത്രമായി നിർത്തിവയ്ക്കാൻ പറ്റുമോയെന്നും, പരീക്ഷ നടന്നില്ലെങ്കിൽ അത് രാജ്യത്തിന്റെ നഷ്ടമാകില്ലേയെന്നും കോടതി ആരാഞ്ഞു. വിദ്യാർത്ഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. സുപ്രിംകോടതിയും ഘട്ടംഘട്ടമായി തുറക്കാൻ പോകുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കോടതികൾ തുറക്കാൻ ആവശ്യപ്പെടുന്ന അഭിഭാഷകർ തന്നെയാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് പറയുന്നതെന്നും കോടതി പരാമർശിച്ചു.

പരീക്ഷ നടത്തണമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എല്ലാ സുരക്ഷാ മുൻകരുതലും എടുക്കുമെന്നും വ്യക്തമാക്കി.

Story Highlights NEET Exam, JEE Exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top