തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 489 പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയിലിന്ന് 489 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 478 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പുറമെ ജില്ലാ ജയിലിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
പൂജപ്പുരയ്ക്ക് പുറമെ ജില്ലാ ജയിലിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 28 തടവുകാര്‍ക്കാണ് ജില്ലാ ജയിലില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജയിലുകള്‍ കേന്ദ്രീകരിച്ച് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇന്നും കൂടുതല്‍ രോഗികള്‍ തീരമേഖലയില്‍ നിന്നാണ്. ഗ്രാമീണ മലയോര മേഖലയിലും അതിര്‍ത്തി മേഖലയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല, അമരവിള, ധനുവച്ചപുരം തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസേനെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. ബാലരാമപുരത്ത് ഇന്ന് 14 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ പരിശോധന ഫലങ്ങള്‍ കൂടി പുറത്തു വരാനുണ്ട്.
രോഗവ്യാപനം വര്‍ധിക്കുന്ന മലയോര ഗ്രാമീണ മേഖലയായ കള്ളിക്കാട് പഞ്ചായത്തില്‍ ഇന്നും നാല് പേരുടെ പരിശോധന ഫലം പോസിറ്റീവായി. മൈലക്കര, മഞ്ചാടിമൂട് വാര്‍ഡുകളിലെ രണ്ട് പേര്‍ക്ക് വീതമാണ് കൊവിഡ് പോസിറ്റീവായത്. രണ്ട് മരണങ്ങളും ജില്ലയിലിന്ന് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പുറം സ്വദേശി വിജയ, ശ്രീകാര്യം സ്വദേശി സത്യന്‍ എന്നിവരുടെ പരിശോധന ഫലം പോസിറ്റീവായതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 310 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. നിലവില്‍ 4306 പേരാണ് തലസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 880 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 22779 ആയി.
Story Highlights – covid19, coronavirus, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here