ബാഴ്സ ബോസ് കോമാൻ തന്നെ; അബിദാലിനു പകരം റാമോൺ പ്ലെയിൻസ് ടെക്നിക്കൽ ഡയറക്ടർ

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി മുൻ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാൻ ചുമതലയേറ്റു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോടേറ്റ കൂറ്റൻ പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്വിക്കെ സെറ്റിയനെ പുറത്താക്കി മുൻ ബാഴ്സലോണ താരം കൂടിയായ കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ.
Read Also : ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന
ബാഴ്സലോണയുടെ കേളീശൈലിയിൽ സുപ്രധാന പങ്കുവഹിച്ച ഇതിഹാസം യൊഹാൻ ക്രൈഫിനു കീഴിൽ കളിച്ച താരമാണ് കോമാൻ. ഏണെസ്റ്റോ വെൽവെർദെയെ പുറത്താക്കിയ സമയത്തും മാനേജ്മെൻ്റ് കോമാനെ സമീപിച്ചിരുന്നു. എന്നാൽ, ആ സമയത്ത് ഹോളണ്ട് ദേശീയ ടീം പരിശീലക സ്ഥാനം ഒഴിയാനാവില്ല എന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോൾ, മാനേജ്മെൻ്റിൻ്റെ ക്ഷണം കോമാൻ സ്വീകരിക്കുകയായിരുന്നു.
1989 മുതൽ 95 വരെയാണ് കോമാൻ ബാഴ്സലോണയിൽ കളിച്ചിരുന്നത്. ക്ലബിനൊപ്പം അദ്ദേഹം 10 കിരീടങ്ങൾ നേടിയിട്ടുണ്ട്. അയാക്സ്, പിഎസ്‌വി തുടങ്ങിയ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടണിഞ്ഞു. 98 മുതൽ 2000 വരെ അദ്ദേഹം ബാഴ്സയുടെ സഹപരിശീലകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അയാക്സ്, ബെൻഫിക്ക, വലൻസിയ, സതാംപ്ടൺ, എവർട്ടൺ തുടങ്ങിയ ക്ലബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
Read Also : മത്സരത്തിനു ശേഷം എതിർ താരവുമായി ജഴ്സി കൈമാറ്റം; നെയ്മറിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമായേക്കും
അതേ സമയം, ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്ന മുൻ താരം എറിക് അബിദാലിനും സ്ഥാനം നഷ്ടമായി. അബിദാലിൻ്റെ അസിസ്റ്റൻ്റായി 2018 മുതൽ ജോലി ചെയ്ത് വന്നിരുന്ന റാമോൺ പ്ലെയിൻസ് ആണ് ക്ലബിൻ്റെ പുതിയ ടെക്നിക്കൽ ഡയറക്ടർ.
ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ക്ലബിൽ വൻ അഴിച്ചുപണി അടക്കുമെന്നാണ് റിപ്പോർട്ട്. 8 താരങ്ങളെ പുറത്താക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights – Ronald Koeman new barcelona coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here