സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് ഭീഷണിയും അസഭ്യവർഷവും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് ഭീഷണിയും അസഭ്യ വർഷവും. മുംബൈ കൂപ്പർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാർക്കെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് സുശാന്തിന്റേത് ആത്മഹത്യയെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതെന്നാണ് ആരോപണം. ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസ ട്രോളുകൾ പ്രചരിപ്പിച്ചു.
ഡോക്ടർമാരുടെ മൊബൈൽ നമ്പർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നിരവധി പേർ ഇവരെ വിളിച്ച് അസഭ്യവർഷം നടത്തി. ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കും കോളുകൾ പ്രവഹിക്കുന്നുണ്ട്. കോളുകൾ റെക്കോർഡ് ചെയ്തും പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടർമാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ജൂൺ പതിനാലിനാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൂപ്പർ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. സുശാന്തിന്റേത് തൂങ്ങി മരണമെന്നായിരുന്നു ഡോക്ടർമാരുടെ റിപ്പോർട്ട്. ഇതിനെതിരെയാണ് സുശാന്തിന്റെ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.
Story Highlights – Sushant singh rajput
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here