Advertisement

രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ക്ക് ഖേല്‍ രത്‌ന, ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

August 21, 2020
Google News 2 minutes Read

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഇത് ആദ്യമായാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അഞ്ച് പേര്‍ ഒരുമിച്ച് അര്‍ഹരാവുന്നത്. മുന്‍ മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. ഇത്തവണ 27 പേരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായത്.

രോഹിത് ശര്‍മ, വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ഹോക്കി താരം റാണി രാംപാല്‍ എന്നിവരാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.
ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്ര പുരസ്‌കാര ജേതാവായത്. 2016 ല്‍ റിയോ പാരാലിമ്പിക്‌സ് ഗെയിംസില്‍ ഹൈജംപിലെ സ്വര്‍ണനേട്ടമാണ് മാരിയപ്പന്‍ തങ്കവേലുവിനെ ഖേല്‍രത്‌നയ്ക്ക് അര്‍ഹനാക്കിയത്. ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാവുന്ന മൂന്നാമത്തെ ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍.

മുന്‍ മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. രാണ്ടയിരത്തില്‍ സിഡ്‌നി ഒളിമ്പിക്‌സില്‍ 4×400 മീറ്റര്‍ റിലേയില്‍ മത്സരിച്ച താരമാണ് ജിന്‍സി. ഇപ്പോള്‍ തൃശൂര്‍ സായിയിലെ പരിശീലകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന്‍, അത്‌ലറ്റ് ദ്യുതീ ചന്ദ് എന്നിവരടക്കം 27 പേരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായ് (അത്‌ലറ്റിക്‌സ്), ശിവ് സിംഗ് (ബോക്‌സിംഗ്), റൊമേഷ് പതാനിയ (ഹോക്കി), കൃഷന്‍ കുമാര്‍ ഹൂഡ (കബഡി), നരേഷ് കുമാര്‍ (ടെന്നീസ്), ഓം പര്‍കാഷ് ദഹിയ (ഗുസ്തി), വിജയ് ബാലചന്ദ്ര (പാരാ പവര്‍ലിഫ്റ്റിംഗ്) എന്നിവരാണ് ലൈഫ് ടൈം വിഭാഗത്തില്‍ ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി.

Story Highlights Khel Ratna for five including Rohit Sharma, National Sports Awards announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here