‘അസമിൽ രഞ്ജൻ ഗൊഗോയ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും’: തരുൺ ഗൊഗോയ്

അസം തെരഞ്ഞെടുപ്പിൽ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്. ഇത് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തരുൺ ഗൊഗോയ് പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ രഞ്ജൻ ഗൊഗോയ് ഉണ്ടെന്നാണ് അറിയുന്നത്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തന്നെയാണ് താനും കരുതുന്നതെന്നും തരുൺ ഗൊഗോയ് പറഞ്ഞു. രാജ്യസഭയിലേക്ക് പോകാൻ അദ്ദേഹത്തിന് മടിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ പരസ്യമായി ഇറങ്ങുന്നതിന് എന്താണ് തടസമെന്നും തരുൺ ഗൊഗോയ് ചോദിക്കുന്നു.
എല്ലാം രാഷ്ട്രീയമാണ്. അയോധ്യ കേസിൽ രഞ്ജൻ ഗൊഗോയ് പ്രഖ്യാപിച്ച വിധിയിൽ ബിജെപി സന്തുഷ്ടരാണ്. അതുകൊണ്ടുതന്നെ രഞ്ജൻ ഗൊഗോയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് കരുതുന്നത്. അതിന്റെ ആദ്യ പടിയാണ് രാജ്യസഭാ നോമിനേഷൻ. അല്ലെങ്കിൽ അദ്ദേഹം എംപി സ്ഥാനം നിരസിക്കാത്തത് എന്താണെന്നും തരുൺ ഗൊഗോയ് ചോദിക്കുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പോലുള്ള പദവിയിലേക്ക് പോകാതെ എം.പി സ്ഥാനം തെരഞ്ഞെടുത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – Ranjan gogoi, Tarun gogoi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here