ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

Alphonso Davies life story

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ കപ്പടിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ കനേഡിയനെന്ന റെക്കോർഡും ഡേവിസ് സ്വന്തം പേരിൽ എഴുതിച്ചേർക്കുകയാണ്. ഘാനയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ ജനിച്ച ഡേവിസിൻ്റെ ജീവിതം ഒരു നാടോടിക്കഥയാണ്.

Read Also : ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി; പാരീസിൽ കലാപം: ദൃശ്യങ്ങൾ

നവംബർ 2, 2000ൽ ലൈബീരിയൻ ആഭ്യന്തരയുദ്ധത്തിലെ അഭയാർഥികൾക്കായി ഐക്യരാഷ്ട്ര സംഘടന ഘാനയിലെ ബുദുബുരാമിൽ സ്ഥാപിച്ച ക്യാമ്പിലാണ് അൽഫോൺസോ ബോയ്ൽ ഡേവിസ് എന്ന അൽഫോൺസോ ഡേവിസിൻ്റെ ജനനം. മാതാപിതാക്കൾ ലൈബീരിയ വിട്ടത് രണ്ടാം ആഭ്യന്തര യുദ്ധത്തിൻ്റെ സമയത്തായിരുന്നു. നാലര ലക്ഷത്തോളം ലൈബീരിയൻസിനെയാണ് ആഭ്യന്തര യുദ്ധം വീടില്ലാത്തവരാക്കിയത്. ക്യാമ്പിലെത്തിയതിനു തൊട്ടുപിന്നാലെ, ഡേവിസ് പട്ടിണിയിലേക്ക് പിറന്നുവീണു. ജീവിതം എളുപ്പമായിരുന്നില്ല. വൃത്തിയുള്ള ഭക്ഷണവും വെള്ളവും അപൂർവതയായിരുന്നു. ഓരോ ദിവസവും അതിജീവിക്കുന്നത് തന്നെ ഒരു കടമ്പയായിരുന്നു. അഞ്ച് വർഷം അങ്ങനെ കടന്നുപോയി. അൽഫോൺസോയുടെ അഞ്ചാം വയസിൽ കുടുംബം കാനഡയിലെ എഡ്മന്റനിലേക്ക് ചേക്കേറി.

അൽഫോൺസോ ഡേവിസിൻ്റെ ചെറുപ്പം

ആറ് മക്കളായിരുന്നു ഡെബേ ഡേവിസിനും ഭാര്യ വിക്ടോറിയ ഡേവിസിനും ഉണ്ടായിരുന്നത്. മക്കളെ പോറ്റാൻ രണ്ടുപേരും എല്ലുമുറിയെ പണിയെടുത്തു. മദർ തെരേസ കാത്തലിക് സ്കൂളിലായിരുന്നു അൽഫോൺസോയുടെ പഠനം. സ്കൂളിൽ വെച്ച് ആദ്യമായി കാല്പന്തിൻ്റെ മധുരം അറിഞ്ഞ അൽഫോൺസോ ഉടനടി ആ ഗെയിമുമായി പ്രണയത്തിലായി. ജീവിതം പഠിപ്പിച്ച പോരാട്ട വീര്യം അവൻ കാല്പന്തിലേക്ക് ആവാഹിച്ചു.

ഡേവിസിൻ്റെ കുടുംബം

ഫ്രീ ഫുട്ടി എന്ന ക്ലബിലാണ് അൽഫോൺസോ ആദ്യമായി കളിച്ചത്. നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഒരു ക്ലബായിരുന്നു അത്. ജഴ്സിയടക്കം സകല സൗകര്യങ്ങളും അവർ നൽകും. അങ്ങനെ അൽഫോൺസോയും ആദ്യമായി ഓർഗനൈസ് ഫുട്ബോളിൻ്റെ ഭൂമികയിൽ പിച്ചവച്ചു തുടങ്ങി.

Read Also : ‘മെസി അസ്വസ്ഥനായിരുന്നു, ജഴ്സി ചോദിച്ചിട്ട് തന്നില്ല’; ബയേൺ യുവ താരം അൽഫോൺസോ ഡേവിസ്

ജീവിതവും സോക്കറും നൽകിയ പാഠങ്ങൾ കൈമുതലാക്കി 2015ൽ അൽഫോൺസോ എംഎൽഎസ് ക്ലബ്ബായ വാൻകൂവർ വൈറ്റ്കാപ്സിൻ്റെ അക്കാദമിയിൽ കളിച്ചു തുടങ്ങി. അടുത്ത വർഷം, വാൻകൂവർ വൈറ്റ്കാപ്സിൻ്റെ റിസർവ് ടീമിലും ശേഷം സീനിയർ ടീമിലും അൽഫോൺസോ ബൂട്ടണിഞ്ഞു. 15ആം വയസ്സിൽ ആദ്യ പ്രൊഫഷണൽ ക്ലബ്! മേജർ സോക്കർ ലീഗിൻ്റെ സെക്കൻഡ് ഡിവിഷനായ യുഎസ്എലിൽ സൈൻ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം! 2016 ഏപ്രിലിൽ വൈറ്റ്കാപ്സിനു വേണ്ടി അൽഫോൺസോ അരങ്ങേറി. അപ്പോൾ അദ്ദേഹത്തിൻ്റെ പ്രായം 15 വർഷവും 5 മാസവും. മെയിൽ ക്ലബിനായി ആദ്യ ഗോൾ. സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ. അക്കൊല്ലം തന്നെ മേജർ സോക്കർ ലീഗിലും അൽഫോൺസോ ബൂട്ടണിഞ്ഞു.

ഡേവിസിൻ്റെ കുടുംബം

തുടർന്നുള്ള രണ്ട് വർഷം അൽഫോൺസോ എംഎൽഎസിൽ തേരോട്ടം നടത്തി. യൂറോപ്യൻ ക്ലബുകൾ താരത്തെ നോട്ടമിട്ടു. അങ്ങനെ 2018ൽ, 17ആം വയസ്സിൽ അന്നത്തെ എംഎൽഎസ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ബയേൺ മ്യൂണിക്കിലേക്ക്. 2019 ജനുവരി 12ന് ക്ലബിനായും ജനുവരി 27ന് ബുണ്ടസ് ലിഗയിലും അരങ്ങേറ്റം. മാർച്ച് 17ന് ആദ്യ ഗോൾ. നവംബർ 6ന് ഒളിമ്പിയാക്കോസിനെതിരെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം. 2019-20 സീസണിൽ വെർ‍ഡർ ബ്രെമനെ തോൽപിച്ചാണ് ബയേൺ ബുണ്ടസ് ലിഗ കിരീടം ഉറപ്പിച്ചത്. 79-ാം മിനിറ്റിൽ അൽഫോൺസോ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായി. പക്ഷേ, ഇതിനകം അദ്ദേഹം ബുണ്ടസ് ‌ലിഗയിൽ ക്ലോക്ക് ചെയ്ത ഏറ്റവും ഉയർന്ന വേഗം സ്വന്തം പേരിൽ കുറിച്ചിരുന്നു. മണിക്കൂറിൽ 36.51 കിലോമീറ്റർ വേഗതയിലാണ് അന്ന് ആ 18കാരൻ പാഞ്ഞത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്സലോണക്കെതിരെ ജോഷ്വ കിമ്മിച്ച് നേടിയ ഗോളിന് വഴിയൊരുക്കിയ ഡേവിസ് പിഎസ്ജിയെ കീഴടക്കി ചാമ്പ്യൻസ് ലീഗ് നേടിയാണ് തേരോട്ടം അവസാനിപ്പിച്ചത്.

വാൻകൂവർ വൈറ്റ്കാപ്സിലെ കാലം

2017ൽ കനേഡിയൻ പൗരത്വം നേടിയ ഡേവിസ് അന്ന് തന്നെ സീനിയർ ടീമിൽ അരങ്ങേറി. 16ആം വയസ്സിൽ കുറക്കാവോക്കെതിരെയായിരുന്നു അരങ്ങേറ്റം. അണ്ടർ-15, അണ്ടർ-17 ടീമുകളിൽ നേരത്തെ തന്നെ അദ്ദേഹം ബൂട്ടണിഞ്ഞിരുന്നു.

അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും അതിജീവനം പോലും ബുദ്ധിമുട്ടായിരുന്ന ഒരു ബാല്യത്തിൽ നിന്നാണ് 19ആം വയസ്സിൽ ചാമ്പ്യൻസ് ലീഗ് ജേതാവെന്ന പെരുമയോടെ അൽഫോൺസോ ഡേവിസ് ഫുട്ബോൾ ലോകത്ത് മാതൃക തീർക്കുന്നത്.

Story Highlights Alphonso Davies life story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top