കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി; പ്രഥമ ദൗത്യം കാസര്‍ഗോഡ്

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടന്ന നാല് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സിഎഫ്എല്‍ടിസി കൊവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. നാളെ രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഘത്തെ യാത്രയാക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
Read Also :
ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നാല് ദിവസത്തെ പരിശീലനം നല്‍കിയത്. ഇവര്‍ക്കെല്ലാം സിഎഫ്എല്‍ടിസികളില്‍ നേരിട്ടുള്ള പരിശീലനമാണ് നല്‍കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്, എയര്‍വേ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്മെന്റ്, മെഡിക്കല്‍ പ്രോട്ടോകോള്‍, കൊവിഡ് പ്രോട്ടോകോള്‍, സാമ്പിള്‍ ടെസ്റ്റിംഗ്, സുരക്ഷാ മാനദണ്ഡങ്ങള്‍, പിപിഇ കിറ്റിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങിവയിലാണ് പരിശീലനം നല്‍കിയത്.
സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കൊവിഡ് ബ്രിഗേഡിന് രൂപം നല്‍കിയത്. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൊവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി കൊവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡില്‍ അംഗങ്ങളായിരിക്കുന്നത്. അടുത്ത ബാച്ചിന്റെ പരിശീലനം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഐസിയുവില്‍ നേരിട്ടുള്ള 10 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കൊവിഡ് ബ്രിഗേഡില്‍ ചേരാന്‍ https://covid19jagratha.kerala.nic.in/ എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
Story Highlights – first team of the Covid Brigade completed the training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here