കോടതിയലക്ഷ്യക്കേസ്; മാപ്പെഴുതി നൽകാൻ പ്രശാന്ത് ഭൂഷണ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പെഴുതി നൽകാൻ സുപ്രിംകോടതി പ്രശാന്ത് ഭൂഷണ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. രേഖാമൂലം മാപ്പെഴുതി നൽകുകയാണെങ്കിൽ കേസ് നാളെ പരിഗണിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മാപ്പിരക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രശാന്ത് ഭൂഷൺ.
കോടതിയലക്ഷ്യക്കേസിൽ ദയ യാചിക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് പ്രശാന്ത് ഭൂഷൺ. തെറ്റ് ആർക്കും പറ്റാമെന്നും, ശിക്ഷിക്കുക എന്നത് കഠിനമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും നിലപാട് വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിഷയം ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജി കുര്യൻ ജോസഫ് വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസ് രാജ്യത്ത് വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്ന സാഹചര്യത്തിൽ പ്രശാന്ത് ഭൂഷണെതിരെ നടപടി പാടില്ലെന്ന് പലകോണുകളിൽ നിന്നും ആവശ്യമുയർന്നു.
അതേസമയം, ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് വിരമിക്കാൻ ഇനി ഒൻപത് ദിവസം മാത്രമാണുള്ളത്. പ്രശാന്ത് ഭൂഷൺ മാപ്പെഴുതി നൽകിയില്ലെങ്കിൽ അടുത്ത നടപടി ശിക്ഷ പ്രഖ്യാപനമാണ് ഇനി ഉണ്ടായേക്കാവുന്നത്.
Story Highlights – prashanth booshan to apologize time today end
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here